ഞായർ നിയന്ത്രണം ജില്ലയിൽ പൂർണ്ണം
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നശേഷം സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ രണ്ടാം ഞായറിനെ ജില്ല ഗൗരവത്തോടെയാണ് സ്വീകരിച്ചത്. ഞായറാഴ്ചകൾ ശക്തമായ 'ബന്തവസിലാ'ക്കിയ പ്രഖ്യാപനം വന്നത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ, കഴിഞ്ഞ ഞായറാഴ്ച നേരിയ ഇളവുകൾ അനുവദിക്കുകയും ചെയ്തു. എന്നാൽ, ഇന്നലെ ഇളവുകളൊന്നും ഇല്ലാതിരുന്നതിനാൽ ജനങ്ങൾ പരമാവധി സഹകരിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ബംഗളുരുവിൽ നിന്ന് ബസ് മാർഗ്ഗം എത്തി ആലപ്പുഴ നഗരത്തിലിറങ്ങിയ നാല് വിദ്യാർത്ഥികളെ നാട്ടുകാർ തടഞ്ഞുവച്ച് അധികൃതരെ ഏൽപ്പിച്ചു. ബംഗുളുരുവിലെ ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നുള്ള അനുമതിയോടെയാണ് വിദ്യാർത്ഥികൾ എത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
ജില്ലയിലെ കമ്പോളങ്ങളും കടകളും ഇന്നലെ പ്രവർത്തിച്ചില്ല. പാൽ വിതരണം ചെയ്യുന്ന അപൂർവ്വം ബൂത്തുകളും മിൽമ ഏജൻസിയുള്ള ചില ബേക്കറികളും മാത്രമാണ് രാവിലെ അല്പസമയം തുറന്നിരുന്നത്. ആലപ്പുഴ നഗരത്തിലെ ചില മാർക്കറ്രുകൾ ലോക്ക്ഡൗൺ കാലത്തും അല്പ സമയം പ്രവർത്തിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ അവിടങ്ങളിലും ഇന്നലെ ആരും എത്തിയില്ല.
മയപ്പെടുത്തി പൊലീസ്
ഡി.ജി.പിയുടെ പ്രത്യേക നിർദ്ദേശത്തോടെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലെ പൊലീസ് പിക്കറ്രുകളിൽ നടന്നുവന്ന പരിശോധനയ്ക്ക് ഇന്നലെ ഇളവുണ്ടായി.കൃഷ്ണപുരത്തെയും അരൂരിലെയും അതിർത്തി പിക്കറ്രുകളിൽ മാത്രമാണ് കാര്യമായ നിരീക്ഷണമുണ്ടായത്. ദേശീയപാതയിൽ ഇതിനിടെയുള്ള മിക്ക പോയിന്റുകളിലും ഡ്യൂട്ടിക്ക് പൊലീസ് ഉണ്ടായിരുന്നെങ്കിലും കർക്കശ പരിശോധന ഇല്ലായിരുന്നു. വാഹന പരിശോധനയും ഉണ്ടായില്ല. ദേശീയപാത വഴി കൂടുതലായി ഓടാറുള്ള ദീർഘദൂര ചരക്ക് വാഹനങ്ങൾ കണ്ടതേയില്ല. സ്വകാര്യ വാഹനങ്ങളും അപൂർവ്വമായിരുന്നു. ആംബുലൻസുകളും സർക്കാർ വക വാഹനങ്ങളുമാണ് ഇടവേളകളിൽ റോഡിൽ കണ്ടത്.മാർക്കറ്റുകളെല്ലാം നിശ്ചലമായി.
എന്നാൽ ഉൾപ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങൾ അങ്ങിങ്ങ് ഓടുന്നുണ്ടായിരുന്നു.
പക്ഷെ സൈക്കിൾ യാത്രികരും കാൽനട യാത്രക്കാരും വൈകിട്ടോടെ റോഡിലിറങ്ങി.
വീട്ടിലിരുത്താൻ മഴയും
ജില്ലയുടെ ചില ഭാഗങ്ങളിൽ ഇന്നലെ രാവിലെ മുതലുണ്ടായ കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഞയർ ലോക്ക്ഡൗൺ സമ്പൂർണ്ണമാക്കുന്നതിൽ പങ്കുവഹിച്ചു.തെക്കൻ മേഖലയിൽ രാവിലെ എട്ടുമണിയോടെ ഇടിമിന്നലും ശക്തമായ കാറ്റും ഒപ്പം കനത്ത മഴയുമുണ്ടായി. എന്നാൽ ജില്ലയുടെ മദ്ധ്യഭാഗങ്ങളിലും വടക്കൻ പ്രദേശത്തും അന്തരീക്ഷം മൂടിക്കെട്ടി നിന്നെങ്കിലും മഴ പെയ്തില്ല.