ആലപ്പുഴ: ലോക്ക്ഡൗൺകാലത്ത് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹ അടുക്കളയുടെ പ്രവർത്തനം ഇന്നലെ അവസാനിച്ചു. ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്കായി പ്രവാസി അടുക്കള ഇന്ന് ആരംഭിക്കുമെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു.

പ്രവാസികൾക്കും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന മലയാളികൾക്കുമായി മൂന്നു നേരം ഭക്ഷണം എത്തിക്കും. ഇവർക്കായി 65 ക്വാറന്റൈൻ കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. നഗരത്തിൽ പ്രവർത്തിക്കുന്ന 11 കേന്ദ്രങ്ങളിൽ 157 പേരുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് എത്തിയവർക്കും ജനറൽ ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർക്കും മൂന്ന് നേരം ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാർ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉൾപ്പടെ 500ഓളം പേർക്ക് ഭക്ഷണം ഇന്നു മുതൽ നൽകും. മികച്ച നിലയിൽ പ്രവർത്തിച്ച സമൂഹ അടുക്കളയിലെത്തി മന്ത്രി ജി. സുധാകരൻ അഭിനന്ദനം അറിയിച്ചിരുന്നു.

 യാചക നിരോധിത മേഖല


കൊവിഡിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തെ യാചക നിരോധിത മേഖലയാക്കുമെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്നവരെ നഗരസഭയുടെ ശാന്തിമന്ദിരത്തിലേക്കു മാറ്റി. അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽട്ടർ തുറക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭിക്ഷാടകരെ പൊലീസിന്റെ സഹായത്തോടെ തിരികെ അയയ്ക്കും. യാചക നിരോധിത മേഖലയെന്ന ബോർഡുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു.