 ടിക്കറ്റ് നിരക്ക് ഇരട്ടിയാവും

ആലപ്പുഴ: ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25ന് നിറുത്തിവച്ച പൊതുഗതാഗതം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ രാവിലെയും വൈകിട്ടും സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കും. രാവിലത്തെ യാത്ര കളക്ടറേറ്റിൽ അവസാനിക്കുകയും വൈകിട്ട് അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാവും ബസുകൾ പാർക്ക് ചെയ്യുന്നത്.

മാവേലിക്കര ബസ് സ്റ്റാൻഡിൽ നിന്നുള്ള സർവീസ് നങ്ങ്യാർകുളങ്ങര ജംഗഷനിൽ നിന്ന് ദേശീയപാത വഴി കളക്ടറേറ്റിൽ എത്തും. നിലവിലുള്ളതിന്റെ ഇരട്ടിയാണ് ബസ് ചാർജ്. ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും ഐഡന്റിറ്റി കാർഡ് കരുതുകയും വേണം. സാമൂഹിക അകലം പാലിച്ചായിരിക്കണം സീറ്റിലിരിക്കേണ്ടത്. കളക്ടറേറ്റിൽ നിന്ന് വൈകിട്ട് 5.10ന് മടക്കയാത്ര പുറപ്പെടും. ഈ സമയം ബസിൽ കയറാത്ത യാത്രക്കാർ പെരുവഴിയിലാകും. നിലവിൽ സൗജന്യമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഇതര സർക്കാർ ആശുപത്രികളിലേക്കും ജീവനക്കാരെ കെ.എസ്.ആർ.ടി.സിയിൽ എത്തിക്കുന്നുണ്ട്.

# സ്റ്റേഷൻ, സമയം (രാവിലെ)

 അരൂർ പള്ളി ഭാഗം: 8.30

 ചേർത്തല ബസ് സ്റ്റാൻഡ്: 8.50, 8.55,9

 തണ്ണീർമുക്കം: 9, 9.05

 കിടങ്ങറ: 8, 8.15, 8.40

 കായംകുളം: 8.15

 ഹരിപ്പാട്: 8.40, 8.45

 തകഴി: 8.45

 മാവേലിക്കര: 8.20

 മാവേലിക്കര കോടതി: 8.25

 എടത്വ: 8.45

 മങ്കോമ്പ്: 9.9.15, 9.40

..............................................................

# നിബന്ധനകൾ

 സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ മാത്രം

 ഓഫീസ് തിരിച്ചറിയൽ കാർഡ് കണ്ടക്ടറെ കാണിക്കണം

 കൊവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണം

 മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ രണ്ടുപേർ

 രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാൾ

 നിന്നുള്ള യാത്ര അനുവദിക്കില്ല

 കയറുന്നതിനു മുമ്പ് സാനിട്ടൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകണം

 യാത്രയിലുടനീളം നിർബന്ധമായും മാസ്‌ക് ധരിക്കണം

 അംഗീകൃത സ്റ്റോപ്പുകളല്ലാത്ത ഒരിടത്തും ബസ് നിറുത്തില്ല

 പിൻവശത്തെ വാതിലിലൂടെ കയറി മുൻ വാതിലിൽ കൂടി ഇറങ്ങണം

 ഒരേ ബസിൽത്തന്നെ എല്ലാദിവസവും യാത്ര ചെയ്യാൻ ശ്രമിക്കുക

 കൃത്യം നിരക്ക് കരുതിയാൽ കറൻസി കൈമാറ്റം കുറയ്ക്കാനാവും