parathod

എടത്വാ: ഇറിഗേഷൻ വകുപ്പിന്റെ അനുമതിയില്ലാതെ തോട്ടിലെ ചെളി ഖനനം ചെയ്തതോടെ പാരാത്തോട് റോഡിന്റെ അരിക് ഇടിഞ്ഞു.

പ്രദേശത്തെ ഒരു പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഹിറ്റാച്ചി മെഷീൻ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ച തോട്ടിൽ നിന്ന് ചെളി എടുത്തിരുന്നുന്നതായി നാട്ടുകാർ പറയുന്നു. മഴ പെയ്തതോടെ വെള്ളം ഒഴുകിയെത്തി റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞ് താഴുകയായിരുന്നു. ഇതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. 2014-15 സാമ്പത്തിക വർഷം പ്രധാനമന്ത്രി സഡക് യോജന പ്രകാരം 1.60 കോടി ചെലവഴിച്ച് ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് നിർമ്മിച്ചത്. 2022-23 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ റോഡ് തകർന്നാൽ കരാറുകാരൻ നന്നാക്കി നൽകണം. എന്നാൽ ചെളിയെടുത്ത് റോഡ് തകർന്നതിനാൽ കരാറുകാരൻ തലയൂരുമെന്ന് പ്രദേശവാസികൾ പറയുന്നു. മഴ ശക്തമാവുന്നതോടെ റോഡ് കൂടുതലായി ഇടിയാനുള്ള സാദ്ധ്യതയുമുണ്ട്.