കുട്ടനാട്: നാടാകെ മഴ തിമിർത്തു പെയ്യുമ്പോൾ പ്ളാസ്റ്റിക് പടുത വലിച്ചുകെട്ടിയ ഷെഡിനുള്ളിൽ പേടിച്ചു വിറങ്ങലിച്ചു കഴിയുകയാണ് പുളിങ്കുന്ന് പതിനഞ്ചിൽച്ചിറ തങ്കച്ചിയും പതിമൂന്നുകാരിയായ മകൾ സ്വാതിയും. ചോർന്നൊലിക്കുന്ന ഈ ഷെഡിലാണ് ഒരു വർഷത്തോളമായി ഇവരുടെ ജീവിതം.
നിർദ്ധന കുടുംബാംഗങ്ങളായ ഇവർക്ക് വീടു വച്ചു നൽകാൻ സി.പി.എം രംഗത്തു വന്നതോടെയാണ് ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചു മാറ്റി ഷെഡിലേക്ക് മാറിയത്. എന്നാൽ, ഒരു വർഷത്തോളമായിട്ടും വീട് നിർമ്മാണം എങ്ങുമെത്തിയില്ല. തറക്കല്ലിടലിന് ശേഷം അടിത്തറയ്ക്കുള്ള ബെൽറ്റ് വാർത്തതല്ലാലെ പണി മുന്നോട്ടു നീങ്ങിയില്ല. കഴിഞ്ഞ വർഷം ജൂലായിലാണ് വീടു പണിക്ക് തുടക്കമായത്. ചിങ്ങത്തിൽ പാലുകാച്ച് നടത്തുമെന്നാണ് നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഒന്നും നടന്നില്ല.
ഓരോ പഞ്ചായത്തിലെയും നിർദ്ധനർക്ക് ഒരു വീടെങ്കിലും നിർമ്മിച്ചു നൽകണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തങ്കച്ചിയുടെ വീട് നിർമ്മാണം ആരംഭിച്ചത്. രണ്ടുമുറിയും അടുക്കളയും ചെറിയൊരു ഹാളും സിറ്റൗട്ടും ഉൾപ്പെടെയുള്ള വീട് നിർമ്മിക്കാനായിരുന്നു പദ്ധതി. ചെത്ത് തൊഴിലാളിയായ ഭർത്താവ് സന്തോഷ് 9 വർഷം മുമ്പ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചതോടെയാണ് തങ്കച്ചിയും മകളും തനിച്ചായത്. കഷ്ടപ്പാടുകൾക്ക് നടുവിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. തങ്കച്ചി അലക്കുതൊഴിലിനും മറ്റും പോയിക്കിട്ടുന്ന തുച്ഛവേതനമാണ് കുടുംബത്തിന്റെ ഏക വരുമാനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അതും നിലച്ചു. കാലിത്തൊഴുത്തിനു സമാനമാണ് ഇവർ ഇപ്പോൾ അന്തിയുറങ്ങുന്ന ഷെഡ്. മഴയും കാറ്റും ശക്തമാകുമ്പോൾ ഭയപ്പാടോടെയാണ് അമ്മയും മകളും ഇതിനുള്ളിൽ കഴിയുന്നത്.
.....................................
'വീടുപണി ഒരാൾക്ക് കരാർ നൽകിയിരുന്നതാണ്. ഇയാൾ നിർമ്മാണം മുന്നോട്ട് നീക്കിയില്ല. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാനായിരുന്ന ഏരിയ കമ്മിറ്റി അംഗം ചികിത്സയിലായതും മേൽനോട്ടത്തിന് തടസമായി. ഒരു മാസത്തിനുള്ളിൽ വീട് നിർമ്മാണം പൂർത്തിയാക്കും
(പ്രസാദ് ബാലകൃഷ്ണൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി)