ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള വനിതാ സെൽഫി പ്രവർത്തകർ ലോക്ക്ഡൗണിൽ വീടുകളിലിരുന്നു നിർമ്മിച്ച വസ്തുക്കൾ ദേശീയ പാതയിൽ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡ് ഓഫീസിനു സമീപം വില്പനയ്ക്ക് സജ്ജമാക്കുന്നു.

വേസ്​റ്റ്തുണി കൊണ്ട് നിർമ്മിച്ച ചവിട്ടികളും, കുപ്പികളിലും മ​റ്റു പാഴ് വസ്തുക്കളിലും നിർമ്മിച്ച അലങ്കാര വസ്തുക്കളും വില്പന കേന്ദ്രത്തിൽ ലഭ്യമാണ്. പുറമേ ഉള്ളവരുടെ ഉത്പന്നങ്ങളും വിൽക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് വനിതാ സെൽഫി പ്രസിഡന്റ് ഗീത കാർത്തികേയനും സെക്രട്ടറി അനില ബോസും പറഞ്ഞു. 20ന് വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും. ഉത്പന്നങ്ങൾ വിൽക്കാൻ താത്പര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് എം.സന്തോഷ് കുമാർ അറിയിച്ചു.