ചേർത്തല:മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും കടൽ സുരക്ഷ ഉറപ്പാക്കാനും കടലിലെ സംഘർഷം ഒഴിവാക്കാനുമായി ട്രോളിംഗ് നിരോധനം 61 ദിവസമാക്കണമെന്ന് കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി.മജീന്ദ്രൻ, നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി.പീറ്റർ എന്നിവർ ആവശ്യപ്പെട്ടു.
മൺസൂൺ കാലയളവിൽ 90 ദിവസത്തെ ട്രോളിംഗ് നിരോധനം വേണമെന്നാണ് പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം 61 ദിവസമായി നിജപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമെങ്കിലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.ട്രോളിംഗ് നിരോധനം അട്ടിമറിക്കാനാണ് ബോട്ടുടമകൾ ശ്രമിക്കുന്നത്.മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ പട്രോളിംഗ് സംസ്ഥാനത്ത് വ്യാപകമാക്കണം. തമിഴ്‌നാട്ടിൽ നിന്നുള്ള ട്രോളിംഗ് ബോട്ടുകൾ കേരള കടലിൽ പ്രവേശിക്കാതിരിക്കാൻ തിരുവനന്തപുരം ജില്ലയിലെ പട്രോളിംഗ് കൂടുതൽ കർക്കശമാക്കുകയും വേണം. മത്സ്യസമ്പത്തു സംരക്ഷിക്കേണ്ടത് മത്സ്യത്തൊഴിലാളികളുടെയും മത്സ്യ ഉപഭോക്താക്കളുടെയും ആവശ്യമാണ്. സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടി കൈക്കൊള്ളമെന്നും ഭാരവാഹികൾ പറഞ്ഞു..