ആലപ്പുഴ: ഓഖി, പ്രളയ ദുരന്താനുഭവങ്ങളും ഉണ്ടായിട്ടും പ്രകൃതിക്ഷോഭം സംബന്ധിച്ച മുൻകരുതൽ നടപടികൾ സ്വീകരിയ്ക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് ധീവരസഭ ആരോപിച്ചു .സുനാമി ,ഓഖി,ദുരന്തങ്ങൾ ഉണ്ടായിട്ടും, ആഗോളതാപനം മൂലം സമുദ്രനിരപ്പു ഉയർന്നിട്ടും കടലോരവും,കടലോരവാസികളേയും സംരക്ഷിക്കുന്നതിനു കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചട്ടില്ല.കടലാക്രമണം തടയുന്നതിനു പുലിമുട്ടോടു കൂടിയ കടൽ ഭിത്തി നിർമ്മിക്കാൻ കഴിഞ്ഞ രണ്ട് ബഡ്ജറ്റിൽ 527കോടി അനുവദിച്ചെങ്കിലും 10 ശതമാനം തുക പോലും ചെലവഴിച്ചില്ല. പ്രളയ ദുരിദാശ്വാസ ഫണ്ടിലേക്കു 8020 കോടി രൂപ ലഭിച്ചെങ്കിലും ചിലവായ 2041 കോടിരുപാ കഴിച്ചു 5979 കോടി മിച്ചം ഉണ്ടായെങ്കിലും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കുന്നതിനും മുൻ കരുതൽ നടപടികൾ സ്വീകരിയ്ക്കുന്നതിനും ഫണ്ടു വേണ്ട രീതിയിൽ വിനിയോഗിക്കുകയുണ്ടായില്ല. പ്രളയ ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിലും വേണ്ട പരിഗണന ഉണ്ടായില്ല.കതിരിൽ വളം വെയ്ക്കുന്നതു പോലെ ആണു പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ താൽക്കാലിക പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് എന്നു വിലയിരുത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വി.ദിനകരൻ പറഞ്ഞു.