bhadran

 ആട്ടോ, ടാക്സി സ്റ്റാൻഡുകൾ ഇന്നുമുതൽ സജീവമാകും

ആലപ്പുഴ: അന്യവാഹനങ്ങളെ 'ഏഴയലത്ത്' അടുപ്പിക്കാതിരുന്ന ആട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകളുടെ നിയന്ത്രണം ഇന്നുമുതൽ വീണ്ടും ഇരുകൂട്ടരുടെയും കൈകളിലെത്തുന്നു. പക്ഷേ, കാത്തിരിപ്പിനൊടുവിൽ ഓടാനിറങ്ങുന്ന ആട്ടോറിക്ഷകളിലും ടാക്സികളിലും സവാരിക്ക് തയ്യാറായി നിൽക്കുന്നത് ആശയക്കുഴപ്പവും ധനനഷ്ടവും ആണെന്നു മാത്രം! ഒരേ കുടുംബത്തി​ലെ അംഗങ്ങളാണെങ്കി​ൽ മാത്രം ഒരുസമയം മൂന്നുപേരെവരെ ആട്ടോയി​ൽ കയറ്റാം. അല്ലെങ്കിൽ ഒരാളുമായി മാത്രമേ സവാരി പാടുള്ളൂ. ടാക്സികളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയും. അത്യാവശ്യഘട്ടത്തിലെങ്ങാനും ഈ നിബന്ധന തെറ്റിക്കേണ്ടി വന്നാൽ കുടുങ്ങുമോ? ഡ്രൈവർമാരുടെ മനസിലുള്ള ചോദ്യമിതാണ്.

കുടുംബാംഗങ്ങളല്ലാത്ത സംഘമാണെങ്കിൽ ആളെണ്ണമനുസരിച്ച് ആട്ടോറിക്ഷ വിളിക്കേണ്ടി വരുമെന്നതാണ് പൊല്ലാപ്പ്. ടാക്സിയിൽ രണ്ടുപേരെ കൂടുതൽ കയറ്റാനും പറ്റില്ല. ധനനഷ്ടമാണ് ഇവിടെ ചിന്താവിഷയമാവുന്നത്. ഇതോടെ യാത്രകൾ ഇരുചക്ര വാഹനങ്ങളിലേക്ക് മാറാനുള്ള സാദ്ധ്യതയുമുണ്ട്. അങ്ങനെ, തങ്ങൾക്കു ലഭിക്കേണ്ട ഓട്ടം ആളെണ്ണം കൂടിയതിന്റെ പേരിൽ നഷ്‌ടമാവുമ്പോൾ യാത്രക്കാരെപ്പോലെതന്നെ ധനഷ്ടത്തിലാവും ഡ്രൈവർമാരും.കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുംവരെ യാത്രക്കാരുടെ എണ്ണക്കണക്ക് പാലിച്ചില്ലെങ്കിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴരസീതുമായി പിന്നാലെ കൂടുമെന്നതിൽ തർക്കമില്ല.

ദീർഘദൂര യാത്രകൾക്കാണ് ടാക്സിയെ ആശ്രയിക്കാറുള്ളത്. എന്നാൽ ഇതര ജില്ലകളിലേക്ക് പോലും യാത്ര പാടില്ലെന്നിരിക്കേ ടാക്സി തേടി ആവശ്യക്കാരെത്താനും സാദ്ധ്യതയില്ല. മരണാനന്തര കർമ്മത്തിൽ പങ്കെടുക്കാനായി ഒരു യാത്രക്കാരൻ വിളിച്ചതാണ് മൂന്ന് മാസത്തിനിടെ ലഭിച്ച് ഏക ഓട്ടമെന്ന് നഗരത്തിലെ ടാക്സി ഡ്രൈവർ പറയുന്നു. ഓട്ടം തുടങ്ങിയാലും വലിയ ചെലവുകളാണ് ഉടമകളെ കാത്തിരിക്കുന്നത്. റോഡ് ടെസ്റ്റ്, ഇൻഷ്വറൻസ്, സി.സി തുടങ്ങിയ ഭീമമായ തുകകൾ മുടങ്ങിക്കിടക്കുന്ന വേളയിലാണ് നിയന്ത്രിത യാത്രക്കാരുമായി യാത്രാ സംവിധാനം പ്രാബല്യത്തിൽ വരുന്നത്. പല വാഹനങ്ങൾക്കും ഡിസംബർ മുതലുള്ള റോഡ് ടെസ്റ്റ് മുടങ്ങിക്കിടക്കുകയാണ്.

.............................

 15,000: ആട്ടോറിക്ഷ ടെസ്റ്റ് ചെലവ് (ചുരുങ്ങിയത്)

 1 ലക്ഷം: വലിയ വാഹനങ്ങളുടെ ചെലവ്

............................

# ഒളിഞ്ഞിരിപ്പുണ്ട് 'പണി'

അറ്റകുറ്റപ്പണികളുടെ നീണ്ടനിരയാണ് വാഹനങ്ങളെ കാത്തുകിടക്കുന്നത്. ആട്ടോറിക്ഷയിൽ അത്യാവശം ഗുണിലവാരമുള്ള ബാറ്ററി പിടിപ്പിക്കാൻ കുറഞ്ഞത് 6000 രൂപ ചെലവാകും. ഇൻഷ്വറൻസ്, പെയിന്റിംഗ്, പാച്ച് വർക്ക്, വയറിംഗ്, മീറ്റർ ടെസ്റ്റ് തുടങ്ങിയവയും പൂർത്തിയാക്കണം. ഇനിയും ഇളവ് ലഭിക്കാത്ത ട്രാവലറുകളുടെ ഉടമകൾ ഗതികേടിലാണ്. 12 സീറ്റിന് മുകളിലുള്ള വാഹനങ്ങൾൾക്ക് മൂന്നു മാസം കൂടുമ്പോൾ ടാക്സ് അടയ്ക്കണം. ലോക്ക് ഡൗൺ ആയതോടെ പലരുടെയും ടാക്സ് മുടങ്ങി. 4000 രൂപയ്ക്ക് മുകളിലാണ് ടാക്സ്.

........................................

ഒരു യാത്രക്കാരനെ മാത്രം കയറ്റി​യുള്ള ഓട്ടം പ്രായോഗികമല്ല. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല. വാഹനം ടെസ്റ്റിന് ഇറക്കേണ്ട സമയമായി. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ്

(കെ. ഭദ്രൻ, ആട്ടോറിക്ഷാ ഡ്രൈവർ)

........................................

മറ്റ് ജില്ലകളിലേക്ക് യാത്ര പാടില്ലാത്തതിനാൽ ടാക്സിക്ക് ഓട്ടം ലഭിക്കില്ല. ടാക്സ് ഇനത്തിൽ ഒരിളവും സർക്കാർ നൽകിയിട്ടില്ല. ഇൻഷ്വറൻസിനും റോഡ് ടെസ്റ്റിനും വേണ്ടി വലിയ തുക കണ്ടെത്തണം

(സെഞ്ജു ഗോപാൽ, അതിശയ ട്രാവൽസ്, പറവൂ‌ർ)