നിരവധി മരങ്ങൾ കടപുഴകി  കരകൃഷി വെള്ളത്തിൽ മുങ്ങി

ആലപ്പുഴ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം . ഇന്നലെ 12വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴ,ചേർത്തല താലൂക്കുകളിൽ നാലുവീതവും കാർത്തികപ്പള്ളിയിൽ മൂന്നും ചെങ്ങന്നൂരിൽ ഒരു വീ‌ടുമാണ് തകർന്നത്. നിരവധി മരങ്ങൾ കടപുഴകി . കരക്കൃഷി വെള്ളത്തിൽ മുങ്ങി. തീരത്ത് കടൽകയറ്റം രൂക്ഷമാണ്.

മഴയും കാറ്റും തുടരുന്നതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അമ്പലപ്പുഴ,കാർത്തികപ്പള്ളി, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി. പമ്പയാറ്റിൽ ജനനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകാൻ കാരണം. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്ന തോട്ടപ്പള്ളി പൊഴിമുറക്കൽ ജോലി ആരംഭിക്കാത്തത് ആശങ്കയുണർത്തുന്നു.

ഇന്നലെ പുലർച്ചെ മുതൽ തോരാതെ പെയ്യുന്ന മഴയിൽ ആലപ്പുഴ നഗരവും വെള്ളക്കെട്ടിലായി. പിച്ചു അയ്യർ ജംഗ്ഷൻ, ബീച്ച്, ചുങ്കം ഭാഗങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ജനജീവിതം ദുസഹമാക്കി.

തോട്ടപ്പള്ളി പൊഴിയും

വെള്ളപ്പൊക്കവും

മുൻ കാലങ്ങളിൽ തോട്ടപ്പള്ളി പൊഴിമുഖം കടലിലേക്ക് തുറക്കുന്നതിന്റെ മുന്നോടിയായി മേയ് മാസം ആദ്യം ചാലു വെട്ടുന്ന ജോലി ആരംഭിക്കുമായിരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുമ്പോൾ പൊഴിമുഖം കടലിലേക്ക് തുറക്കുകയാണ് പതിവ്. ഇത്തവണ മുന്നൊരുക്കങ്ങൾ കൃത്യസമയത്ത് നടത്തുന്നതിൽ ഇറിഗേഷൻ വകുപ്പ് ജാഗ്രത കാട്ടിയില്ല. പൊഴിമുഖത്തിനും പാലത്തിനും ഇടയിലുള്ള ജലാശയത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ കഴിഞ്ഞ മാസം 27ന് മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ജോലികൾ വേഗത്തിൽ നടത്താൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ,ഇന്നലെ വരെ ആഴം വർദ്ധിപ്പിക്കുന്ന ജോലി ആരംഭിച്ചിട്ടില്ല, രണ്ട്മാസം മുമ്പ് രണ്ട് ഹിറ്റാച്ചികൾ തോട്ടപ്പള്ളിയിൽ എത്തിച്ചെങ്കിലും ഇവ പൊഴിമുഖത്ത് വിശ്രമിക്കുകയാണ്. ഇത്തവണ പൊഴിമുഖത്ത് അടിഞ്ഞു കൂടിയിട്ടുള്ള മണൽത്തിട്ടയിൽ കൂടുതലും കരിമണലായതിനാൽ വെള്ളമൊഴുക്ക് ശക്തിപ്രാപിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ വീയപുരം വരെയുള്ള മണൽ നീക്കം ചെയ്യുന്നതിന് മാർച്ച് ആദ്യവാരമാണ് കരാർ ഉറപ്പിച്ചത്. മഴക്കാലത്ത് ആഴം വർദ്ധിപ്പിക്കൽ ജോലി നടത്തിയാൽ ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല.

 ആശ്വാസം കായംകുളം

കായംകുളം മത്സ്യബന്ധന തുറമുഖം കടലിലേക്ക് തുറന്ന് കിടക്കുന്നതാണ് കുട്ടനാട്ടുകാർക്ക് ആശ്വാസം പകരുന്നത്. പമ്പയാറിന്റെ വിവിധ കൈവഴിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കായംകുളം കായൽ വഴി കടലിലേയ്ക്ക് ഒഴുകിപ്പോകുന്നിനാൽ ജലനിരപ്പ് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. ഇത് കാർത്തികപ്പള്ളി കുട്ടനാട് താലൂക്കുകളിലെ കരകൃഷിക്ക് സഹായകമാകുന്നു.