ആലപ്പുഴ: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് നിശ്ബദമയ വഴികളിലൊന്നിലൂടെ അച്ഛൻ യാത്രപറഞ്ഞു മറഞ്ഞപ്പോൾ, മകന്റെ മനസിൽ അലയടിച്ച നൊമ്പരക്കടൽ ആദ്യമായൊരു കവിതയ്ക്ക് ജൻമം നൽകി.കണ്ണീരുപ്പ് കനംപകർന്ന വരികൾ ഇതിനോടകം ആസ്വാദക ഹൃദയങ്ങളിൽ അവാച്യ അനുഭൂതിയായി മാറിക്കഴിഞ്ഞു.
ചെറിയനാട് ശ്രീ നാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകനും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ അഡ്മിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗവുമായ വിനു ധർമ്മരാജ് എഴുതിയ 'ശൂന്യതയിൽ അച്ഛന്റെ നഷ്ടം' എന്ന കവിതയാണ് ശ്രദ്ധേയമാവുന്നത്. അച്ഛൻ ധർമ്മരാജൻ കഴിഞ്ഞ മാർച്ചിലാണ് മരിച്ചത്. അച്ഛനുമായുള്ള തീവ്രബന്ധവും വേർപാട് സൃഷ്ടിച്ച വേദനയും ഇതിവൃത്തമായ കവിത ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. സാമൂഹിക വിമർശനങ്ങൾ പശ്ചാത്തലമായ 'കാട്ടുമാക്കാൻ' ആണ് വിനുവിന്റെ രണ്ടാമത്തെ കവിത. 'അശ്വത്ഥാമാവിന്റെ വിലാപ'വും കൊവിഡ് കാലത്തെ രചനയാണ്.
കൊവിഡിനെ ചെറുക്കുന്നതിന്റെ ഭാഗമായി 'തുപ്പരുത് നമ്മൾതോറ്റു പോകും' എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്ത പരിപാടികൾക്കു വേണ്ടി വിനു ധർമ്മരാജ് എഴുതിയ 'ഉണരുന്നൊരാവേശം, ഇനി ഉയരുന്ന സന്ദേശം' എന്ന ആൽബം വരികൾ ശ്രദ്ധേയമായി. ഇത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. വൈകാതെ പുറത്തിറങ്ങുന്ന ടെലിഫിലിമിലും വിനുവിന്റെ വരികളുണ്ടാവും. കവിതകളുടെ ആൽബം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അദ്ധ്യാപകൻ.
2014, 2016 വർഷങ്ങളിൽ ആലപ്പുഴ ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ഭൂമിമിത്ര അവാർഡും മികച്ച അദ്ധ്യാപകനുള്ള ഷേർളി പി.ജോൺ പുരസ്‌കാരവും വിനുവിന് ലഭിച്ചിട്ടുണ്ട്.എസ്.എൻ.ഡി.പി യോഗത്തിന്റെ 'അറിവ്' പദ്ധതിയുടെ സ്റ്റേറ്റ് കോ ഓർഡിനേറ്ററായും പ്രവർത്തിക്കുന്ന വിനു ധർമ്മരാജ്, ഓലകെട്ടിയമ്പലം മുറിപ്ളാംമൂട്ടിൽ പടിറ്റേതിൽ ആണ് താമസം. അമ്മ പത്മിനി. ഭാര്യ മാലിനി. മക്കളായ വിനായക്, വൈഷ്ണവ് വിദ്യാർത്ഥികൾ