ആലപ്പുഴ:റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം 20 നകം പൂർത്തിയാക്കുമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു. ആലപ്പുഴ എസ്.ഡി.വി .സെന്റനറി ഹാളിലെ അവസാനഘട്ട കിറ്റ് പാക്കിംഗ് ജോലികളുടെ പുരോഗതി വിലയിയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളിൽ നിന്നു കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 20ന് ശേഷം സപ്ലൈകോ ഔട്ട് ലെറ്റ് വഴി വിതരണം ചെയ്യും. ആവശ്യമായ രേഖകൾ ഹാജരാക്കണം.റേഷൻ കാർഡ് ലഭിച്ചിട്ടില്ലാത്ത അനാഥ മന്ദിരത്തിലേയും അഗതി മന്ദിരത്തിലേയും വൃദ്ധ സദനങ്ങളിലേയും കന്യാസ്ത്രീ മഠങ്ങളിലെയും അന്തേവാസികൾക്ക് സർക്കാർ കിറ്റ് നൽകുന്നുണ്ട്. ലോക്ക്ഡൗൺ കാലത്തും റേഷൻ കാർഡ് വിതരണവും ഊർജ്ജിതമാക്കി. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആധാർ കാർഡ്, സത്യവാങ്മൂലം, ഫോട്ടോ എന്നിവ നൽകിയാൽ റേഷൻ കാർഡ് നൽകാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം. ഹുസൈൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. സന്തോഷ് കുമാർ, സപ്ലൈകോ അസിസ്റ്റന്റ് മാനേജർ കല, ജെ.എം. മാഹിൻ, റേഷനിംഗ് ഇൻസ്‌പെക്ടർ ധന്യ പൊന്നപ്പൻ, ഓഫീസ് ഇൻ ചാർജ് മാനേജർമാരായ
സിനിജ, പ്രീത, സലിം, ജോയിന്റ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ശാരി എന്നിവരും മന്ത്റിക്കൊപ്പം ഉണ്ടായിരുന്നു.