കായംകുളം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായ പാക്കേജിൽ ചെറുകിട വ്യാപാര മേഖലയെ പൂർണമായും ഒഴിവാക്കിയ നടപടിക്ക് എതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻ കോയ വിഭാഗം) രംഗത്ത്. വ്യാവസായിക മേഖലയെ സംരക്ഷിക്കാനായി കോടിക്കണക്കിന് രുപയുടെ സഹായ പാക്കേജ് വന്നപ്പോൾ ആ വ്യവസായ സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിട വ്യാപാര മേഖലയെ ഒഴിവാക്കിയ നടപടി വൻകിട കുത്തക മുതലാളിമാരെ സഹായിക്കാനാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിന് എതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നുജമുദീൻ ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മുട്ടം, ജി.ജയകുമാർ, ബി.സെൽവകുമാർ, ശങ്കരനാരായണ പണിക്കർ, സന്തോഷ് നെടുമുടി തുടങ്ങിയവർ പങ്കെടുത്തു.