photo

 ആരോഗ്യ വർദ്ധിനി കോഫിയുമായി തണ്ണീർമുക്കം പഞ്ചായത്ത്

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽകഴിഞ്ഞ 24 ന് ആരംഭിച്ച പഥേയം സാമൂഹ്യ ഭക്ഷണ ശാലയും തണ്ണീർമുക്കം ഇല്ലം ആയുർവേദ ആശുപത്രിയും കുടുംബശ്രീയും സംയുക്തമായി ആയുർവേദ ആരോഗ്യ വർദ്ധിനി കോഫി വിതരണം തുടങ്ങി.

അമുക്കുരം,ഇരട്ടി മധുരം, തിപ്പല്ലി,ചി​റ്റമൃത്,ഉലുവ,മല്ലി,ചുക്ക്,ഏലയ്ക്ക,ഗ്രാമ്പു,ജീരകം,ചക്കര തുടങ്ങിയ 12ഇനം മരുന്നുകളുടെ കൂട്ടാണ് കോഫിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇല്ലം ആയുർവേദ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശങ്കർപ്രശാന്ത് മൂസതിന്റെ മേൽനോട്ടത്തിലാണ് മരുന്നുകൾ തയ്യാറാക്കുന്നത്.രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് രണ്ട് രൂപയ്ക്കാണ് കോഫി കുടിക്കാം. കുട ചൂടി എത്തിയാൽ സൗജന്യ കോഫി ലഭ്യമാകും. മഴക്കാല രോഗങ്ങൾക്ക് തടയിടുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ 23 വാർഡുകളിലും കോഫി വിതരണം ചെയ്യും. ആയൂർവേദ വിധി പ്രകാരം ഏഴ് ദിവസത്തേക്കാണ് വാർഡുകളിൽ കോഫി നൽകുന്നത്.

ആരോഗ്യ വർദ്ധിനി കോഫി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എ.എം.ആരിഫ് എം.പി നിർവ്വഹിച്ചു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു,സുധർമ്മ സന്തോഷ്, ബിനിത മനോജ്,സനിൽനാഥ്, സാനുസുധീന്ദ്രൻ,സുനിമോൾ എന്നിവർ സംസാരിച്ചു.സി.ഡി.എസ് പ്രസിഡന്റ് ശ്രീജ ഷിബു സ്വാഗതവും അസി.സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.