ഹരിപ്പാട്: താലൂക്ക് ആശുപത്രി കോവിഡ് ചികിത്സാ സെന്റർ ആക്കിയതിന്റെ ഭാഗമായി നിർത്തിവച്ചിരുന്ന മറ്റ് ചികിത്സകൾ പുനരാരംഭിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാർ കേരളത്തിലെ പ്രധാനപ്പെട്ട കോവിഡ് ചികിത്സാ സെന്ററുകൾ തീരുമാനിച്ചതിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയെ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഡി.എം.ഒ നിർദ്ദേശിച്ചതനുസരിച്ച് മറ്റു ചികിത്സകൾ കഴിഞ്ഞ ഒരു മാസമായി നിർത്തിവയ്ക്കുകയായിരുന്നു. രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ തുടർന്ന് എം.എൽ.എ മുൻസിപ്പൽ അധികൃതരുടെയും ഹോസ്പ്പിറ്റൽ സൂപ്രണ്ടിന്റെയും യോഗം വിളിക്കുകയായിരുന്നു. തുടർന്ന് ഹെൽത്ത് ഡയറക്ടർ, ജില്ലാ കളർക്ടർ, ഡി.എം.ഒ എന്നിവരുമായി എം.എൽ.എ സംസാരിച്ച്, ചികിത്സകൾ പുനരാരംഭിക്കുൻ തീരുമാനിക്കുകയുമായിരുന്നു. രമേശ് ചെന്നിത്തല അദ്ധ്യക്ഷനായ യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം.രാജു, എം.കെ.വിജയൻ, വൃന്ദാ.എസ്.കുമാർ, എം.ആർ ഹരികുമാർ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സുനിൽ ശിവൻ എന്നിവർ പങ്കെടുത്തു.