പൂച്ചാക്കൽ: കൊടുങ്കാറ്റിലും പേമാരിയിലും പൂച്ചാക്കൽ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. പുല്ലാറ്റു വെളി,കൈറ്റാത്ത് ഭാഗങ്ങളിൽ കമ്പികൾ പൊട്ടി വീണതു മൂലം വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. പാണാവള്ളി പതിനഞ്ചാം വാർഡിൽ പന്ത്രണ്ടേവെളി രഘുവരന്റെ വീടിനോടു ചേർന്നുള്ള കുളിമുറി ഇലക്ട്രിക് പോസ്റ്റ് വീണ് തകർന്നു.കടവം തുരുത്തി പരമേശ്വരന്റെ വീടിന് മുകളിലേക്ക് തേക്ക് മരംവീണ് ഭിത്തി പൊട്ടി. സജിയുടെ വീടിന്റെ മുകളിലേക്ക് മാവ് വീണ് മേൽക്കൂര പൂർണമായും തകർന്നു.

പള്ളിപ്പുറം പഞ്ചായത്തിൽ 9, 11, വാർഡുകളിൽ നാശനഷ്ടമുണ്ടായെന്ന് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ അറിയിച്ചു. അരുക്കുറ്റിയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. കൊടുങ്കാറ്റിന്റേയും പേമാരിയുടേയും കെടുതി അനുഭവിക്കുന്ന മുഴുവൻ പേർക്കും സഹായം എത്തികണമെന്ന് എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സർക്കാരിനോട് ആവശ്യപ്പെട്ടു.