ഹരിപ്പാട്: രാവിലെ മുതൽ തകർത്തുപെയ്ത മഴയിലും ചുഴലിക്കാറ്റിലും കാർത്തികപ്പള്ളി താലൂക്കിൽ വിവിധ പഞ്ചായത്തുകളിലായി എട്ടോളം വീടുകൾക്ക് നാശം. വീയപുരം രണ്ടാം വാർഡിൽ കളപ്പുരയിൽ പുന്നൂസിന്റെ വീടിനു മുകളിലേക്ക് സമീപത്തെ മരം ശക്തമായ ചുലഴിക്കാറ്റിൽ കടപുഴകി വീണു. വീടിന്റെ ഷെയ്ഡ് ഭാഗികമായി തകർന്നു. വീയപുരം മേൽപ്പാടം നാലാം വാർഡിൽ രേവതി ഭവനത്തിൽ ആശാ പ്രവർത്തകയായ വിജയകുമാരി (ഇന്ദു), സനൽ കുമാർ എന്നിവരുടെ വീടുകളുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. കാറ്റിന്റെ തീവ്രത കാരണം മുകൾ ഭിത്തിയിലെ ഹോളോബ്രിക്സ് പൊട്ടി താഴെ വീണ് വീട്ടുപകരണങ്ങളും നശിച്ചു. സംഭവ സമയത്ത് വീട്ടമ്മയും മകളും വീടിനകത്തായിരുന്നു. . ശബ്ദം കേട്ട് പുറത്തു ഇറങ്ങിയതിനാൽ അപകടം ഒഴിവായി. ഏകദേശം 70,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിയപുരം വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുമാരപുരം ഒന്നാം വാർഡിൽ കാട്ടുപറമ്പിൽ യശോധരന്റെ വീടിനു മുകളിൽ മരം വീണ് നാശമുണ്ടായി. ചുറ്റുമതിലും തകർന്നു. മുതുകുളം ഒൻപതാം വാർഡിൽ പുത്തൻപുരക്കൽ ശാന്തമ്മയുടെ വീടിന് മുകളിലേക്ക് സമീപത്തുനിന്ന് കവുങ്ങ് വീണ മേൽക്കൂര ഭാഗികമായി തകർന്നു. തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറി കൊറ്റമ്പള്ളി കവിദാസിന്റെ വീടിന് ശക്തമായ കാറ്റിൽ കേടുപാടുകൾ സംഭവിച്ചു. ചെറുതന പഞ്ചായത്തിൽ പുത്തൻ തറയിൽ സജീവൻ, വാക്കയിൽ അവദിയാ കബീർ., കാർത്തികപ്പള്ളി പഞ്ചായത്തിൽ കന്നേൽ തെക്കതിൽ വിജയകുമാർ എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണു ഭാഗികമായി തകർന്നു. താലൂക്കിൽ വീടുകൾക്ക് മഴക്കെടുതിയിൽ ആകെ 2. 35 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി റവന്യൂ അധികൃതർ അറിയിച്ചു.