ചാരുംമൂട്: വീടെന്നു വിളിപ്പേരുമാത്രമുള്ള ചെങ്കൽക്കെട്ടിൽ രണ്ടു പെൺമക്കളെയും നെഞ്ചോടു ചേർത്ത് വിങ്ങുന്ന ഹൃദയവുമായി കഴിയുകയാണ് ഈ പാവം രക്ഷിതാക്കൾ. ലൈഫ് ഭവന പദ്ധതിയിലേക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്കും വി.ഇ.ഒയ്ക്കും ഈ കുടിലൊരു 'കൊട്ടാരം' കണക്കെ തോന്നിയതുകൊണ്ടുമാത്രം പുതിയ വീട് കിട്ടാതെപോയ കുടുംബം, ആർത്തലയ്ക്കുന്ന വേനൽമഴ കൂര തകർക്കുമോയെന്ന ഭീതിയിലാണ്.
താമരക്കുളം പഞ്ചായത്ത് 9-ാം വാർഡ് വൈഷ്ണവി ഭവനത്തിൽ ബിനുവും ഭാര്യ സുനിതയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മൂത്ത മകൾ വൈഷ്ണവി. രണ്ടാമത്തെയാൾ വിനയ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഏതു നേരവും നിലം പൊത്താവുന്ന ഒറ്റ മുറി കൂരയിൽ ജീവൻ പണയം വച്ചാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗവും ചായ്പും നിലം പൊത്തി. രണ്ടു വർഷം മുമ്പാണ് വാർഡ് മെമ്പർ മുഖേനെ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചത്. എന്നാൽ കല്ലുകെട്ടിയ വീട് വാസയോഗ്യമാണെന്ന് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകിയതിനാൽ അവസാന നിമിഷം ലിസ്റ്റിൽ നിന്നു ഒഴിവാക്കപ്പെട്ടു. പിന്നീടു പലതവണ മെമ്പർ മുഖേന പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് ബിനു പറയുന്നു. ഒരു മുറിയും ചായ്പും മാത്രമുള്ള ഈ വീട്ടിലാണ്, മഴയും ഇടിമിന്നലും ഭയന്ന് കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്.
കൂലിപ്പണിക്കാരനാണ് ബിനു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇപ്പോൾ ജോലിക്കുപോകാൻ കഴിയുന്നില്ല. ബീന അയൽവീടുകളിൽ ജോലിക്കു പോയാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ഇത്തവണത്തെ മഴക്കാലം എങ്ങനെ അതിജീവിക്കുമെന്നറിയാതെ പതറി നിൽക്കുകയാണ് ഈ നാലംഗ കുടുംബം.
..........................................
ലൈഫ് പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇവരുടെ പേര് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും വി.ഇ.ഒയും ചേർന്ന് നൽകിയ സർട്ടിഫിക്കറ്റിനെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ഇവർക്ക് വീട് നൽകാനുള്ള നടപടി സ്വീകരിക്കണം
(ആർ. ദീപ, വാർഡംഗം)