മാവേലിക്കര: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് അനുബന്ധ സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അടിസ്ഥാന വർഗത്തിൽപെട്ട ദളിത് ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള വെല്ലുവിളിയണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പാക്കേജിൽ നാമമാത്രമായ സഹായം പോലും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് വകയിരുത്തിയിട്ടില്ല. കോവിഡ് അനന്തര സാമ്പത്തിക പാക്കേജുകളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് വേണ്ടി ദളിത്, ആദിവാസി സാമ്പത്തിക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.