അമ്പലപ്പുഴ:തോട്ടപ്പള്ളി തുറമുഖത്തു നിന്ന് ചെല്ലാനത്തേക്ക് മണൽ കൊണ്ടു പോകുവാനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു.ഇന്നലെ ഉച്ചയോടെയാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം ഇറിഗേഷൻ ഉദ്യോഗസ്ഥർ മണൽ കൊണ്ടുപോകാനെത്തിയത്. ചെല്ലാനം ഭാഗത്തെ കടൽ ക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ മണലെടുക്കാൻ ഉത്തരവ് കൈമാറിയത്.ഈ വിവരം പുറക്കാട് പഞ്ചായത്തിനെ അറിയിച്ചിരുന്നുവെങ്കിലും പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തോട്ടപ്പള്ളി തുറമുഖത്തെ മണൽ ഉപയോഗിക്കണമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു.പഞ്ചായത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ഉദ്യോഗസ്ഥർ മണലെടുത്തത്.8750 ക്യുബിക് മീറ്റർ മണലെടുക്കാനായിരുന്നു തീരുമാനം. ഏകദേശം 500 ടോറസ് മണലാണ് എടുക്കാൻ തീരുമാനിച്ചത്.7 ലോഡ് മണലെടുത്ത ശേഷമാണ് ജനപ്രതിനിധികളും, മറ്റുള്ളവരും വിവരമറിയുന്നത്. തുടർന്ന് ഇവർ മണലെടുപ്പ് തടഞ്ഞു. പിന്നീട് വിവരം മന്ത്രി ജി.സുധാകരൻ ,ജില്ലാ കളക്ടർ ,ജില്ലാ പോലീസ് മേധാവി, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരെ അറിയിച്ചു.