ആലപ്പുഴ: മുടിവെട്ടാനാവാതെ തലയിൽ 'ഭാരം" കയറിയവർക്ക് ആശ്വാസമായി ബാർബർ ഷോപ്പുകൾ ഇന്ന് തുറക്കും. മുടി വെട്ടാൻ മാത്രമേ അനുമതിയുള്ളൂ. ഷേവിംഗിനും ഫേഷ്യലിനും വിലക്ക് തുടരും. ഷേവിംഗിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് തൽക്കാലം വേണ്ടെന്നാണ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷന്റെ തീരുമാനം.
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ദിവസങ്ങൾക്കു മുമ്പേ കടയടച്ച് മാതൃകയായവരാണ് ബാർബർഷോപ്പുകാർ. മാസങ്ങൾക്ക് ശേഷം പ്രവർത്തനമാരംഭിക്കുമ്പോൾ സ്റ്റോക്ക് ചെയ്തിരുന്ന ഫേഷ്യൽ പാക്കുകളും ക്രീമുകളും പൂർണമായി നശിച്ചു എന്നതാണ് പ്രധാന വെല്ലുവിളി. സ്ത്രീകൾക്കു മാത്രമായുള്ള ബ്യൂട്ടി പാർലർലറുകൾക്ക് നിലവിലെ ഇളവ് കാര്യമായ പ്രയോജനം ചെയ്യില്ല. മുടിവെട്ടുന്നതിന് മാത്രമായി പാർലറുകളിലെത്തുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. പുരികം ത്രെഡിംഗ് മുതൽ ഫേഷ്യൽ, മാനിക്യൂർ, ഫെഡിക്യൂർ, ഹെന്ന തുടങ്ങിയവ തേടിയാണ് പാർലറിലേക്ക് ഉപഭോക്താക്കളെത്തുക. ഇപ്പോഴത്തെ ഇളവ് കെട്ടിട വാടക നൽകാൻ പോലും പ്രയോജനപ്പെടില്ലെന്ന് വനിതാ ബ്യൂട്ടിഷ്യൻമാർ പറയുന്നു. പൂർണ ഇളവ് പ്രാബല്യത്തിൽ വന്നാലും ഫേഷ്യൽ ക്രീമുകളും വെറ്റ് പാക്കുകളും പുതിയവ വാങ്ങിയ ശേഷമേ പ്രവർത്തനം ആരംഭിക്കാൻ സാധിക്കു. പലതിനും കാലാവധിയുണ്ടെങ്കിലും പൊട്ടിച്ച ശേഷം മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ഫംഗസ് ബാധിച്ച നിലയിലാണ്.
പ്രവർത്തന സമയം : രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
നിയന്ത്രണങ്ങൾ
ജോലി സമയത്ത് മാസ്ക്ക്, ഓവർക്കോട്ട്, ഗ്ലൗസ് നിർബന്ധം
ഒരു സമയം കടയിൽ രണ്ട് ഉപഭോക്താക്കൾ മാത്രം
ഉപഭോക്താക്കളെ മുണ്ടും ടൗവലും കൊണ്ടുവരാൻ പ്രേരിപ്പിക്കുക
ബ്ലേഡിന്റെ ഉപയോഗം കുറച്ച് ട്രിമ്മർ ഉപയോഗിക്കുക
സാനിട്ടൈസർ ഉപയോഗിച്ച ശേഷം മാത്രം കടയ്ക്കുള്ളിലേക്ക് പ്രവേശനം
കടയ്ക്കു പുറത്ത് സാനിട്ടൈസർ, ഹാൻഡ് വാഷ്, ടിഷ്യൂ പേപ്പർ എന്നിവയുണ്ടാകും
ജോലിക്കാർ നാല് മണിക്കൂർ കൂടുമ്പോൾ മാസ്ക് മാറ്റണം
പണി ആയുധങ്ങൾ ഓരോ ഉപയോഗ ശേഷവും അണുവിമുക്തമാക്കണം
കടയിലെ വാതിൽപ്പടി, കസേര, പൈപ്പിന്റെ പിടി എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കണം
ശാരീരിക അകലം പാലിക്കണം
''ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനായി കടകളെല്ലാം വൃത്തിയാക്കി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബാർബർ ഷോപ്പുകളിലും, ബ്യൂട്ടി പാർലറുകളിലും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും''
- എസ്.മോഹനൻ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ
''മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ഫേഷ്യൽ ക്രീം ഉൾപ്പടെ ഫംഗസ് ബാധിച്ച നിലയിലാണ്. ഇവയെല്ലാെം പുതിയത് വാങ്ങണം. വനിതാ പാർലറുകളിൽ മുടി വെട്ടാനെത്തുന്നവരുടെ എണ്ണം കുറവാണ്'
'- വിജിത സജി, ബ്യൂട്ടിഷ്യൻ