sura
പി.ജി.സുരേഷ് കുമാർ തന്റെ സ്കൂട്ടറിൽ മീൻ വില്പനയ്ക്ക് പോകുന്നു

ആലപ്പുഴ: നാടകത്തിന്റെ ശബ്ദവും വെളിച്ചവും നിലച്ചപ്പോൾ ആദ്യം ഒന്നു പതറിയ സുരേഷ്‌കുമാർ അത് ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചു. ജീവിക്കുന്ന കഥാപാത്രങ്ങളായി ചുറ്റും കുടുംബാംഗങ്ങൾ. പിന്നൊന്നും ആലോചിച്ചില്ല, മീൻപെട്ടി കൈയിലെടുത്തു. സ്കൂട്ടറിൽ വച്ചുകെട്ടി മീനേ, മീനേ എന്നുവിളിച്ച് ഹോൺ മുഴക്കി ഒരു കറക്കം. 70 കിലോമീറ്റർ ചുറ്റിവരുമ്പോഴേക്കും വിറ്റുതീരും. പുലർച്ചെ മൂന്നു മണിക്ക് ആയിരംതെങ്ങ് ഹാർബറിലേക്ക് പുറപ്പെടുന്ന സുരേഷ് വില്പനകഴിഞ്ഞെത്തുമ്പോൾ ഉച്ചയാവും.

വള്ളികുന്നം പഞ്ചായത്ത് കടുവുങ്കൽ വാർഡിൽ സുരേഷ് ഭവനിൽ പി.ജി.സുരേഷ് കുമാർ 12 വർഷമായി കെ.പി.എ.സി അടക്കമുള്ള നാടക സമിതികളിൽ പ്രകാശ -ശബ്ദ വിന്യാസം നിർവഹിക്കുകയാണ്. അമ്പലപ്പുഴ സാരഥിയുടെ 'കപടലോകത്തെ ശരികൾ' എന്ന നാടകത്തിനുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് കൊവിഡിന്റെ വരവ്. ആശാവർക്കറായ ഭാര്യ വിജയകുമാരിയും സ്കൂൾ വിദ്യാർത്ഥിനികളായ മക്കൾ സയനോര, ഇതൾ എന്നിവരും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. സുരേഷിന്റെ വരുമാനമാണ് ആശ്രയം. നാടകത്തിൽനിന്നുള്ള പ്രതിദിന വരുമാനമായ 1200 -1300 രൂപ നിലച്ചു.

നാടക സീസൺ കഴിഞ്ഞാൽ ആശാരിപ്പണി, വയറിംഗ്, പ്ളംബിംഗ്, പെയിന്റിംഗ് തുടങ്ങിയ ജോലികൾ ചെയ്യുമായിരുന്നു. ലോക്ക് ഡൗൺ കാരണം അതിനും കഴിയാതായി. അങ്ങനെയാണ് മീൻ കച്ചവടം തുടങ്ങിയത്. ഹാർബറിൽ നിന്ന് 50-60 കിലോ മീനെടുക്കും. ഒരു കിലോ മീനിൽ നിന്നുള്ള ലാഭം 20 രൂപയായി നിജപ്പെടുത്തി. നല്ല കച്ചവടം കിട്ടുന്നുണ്ട്.

''സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച 'കപടലോകത്തെ ശരികൾ" 128 വേദികൾ കഴിഞ്ഞപ്പോഴാണ് എല്ലാം നിലച്ചത്. 230 വേദികൾ വരെ സീസണിൽ കിട്ടാറുണ്ട്.

സമിതിയുടെ വണ്ടി പുറപ്പെടുമ്പോൾ മുതൽ തിരികെ എത്തുംവരെ ജോലി ചെയ്യേണ്ടവരാണ് ഞങ്ങൾ. ആ പരിഗണന കിട്ടാറില്ലെങ്കിലും പട്ടിണിയില്ലാതെ കഴിയാമായിരുന്നു .''

-സുരേഷ് കുമാർ