നിരീക്ഷണത്തിലുള്ളത് 2939പേർ
ആലപ്പുഴ : ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒൻപതിന് കുവൈറ്റിൽ നിന്നും എത്തിയ മാവേലിക്കര താലൂക്കിലെ ഗർഭിണിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തിയ ഇവർ ഹോം ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ ഓരോ ദിവസവുമുണ്ടാകുന്ന വർദ്ധനവ് ജില്ലയെ വീണ്ടും ആശങ്കപ്പെടുത്തുന്നു.
36 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വെള്ളയാഴ്ചയാണ് പുതുതായി രണ്ടുപേർക്കു കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ 1601പേരുടെ വർദ്ധനവ് 15ദിവസത്തിനുള്ളിൽ ഉണ്ടായി.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 2939പേരാണ്. 16 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് ഇന്നലെ 93 പേരെ ഒഴിവാക്കി. 246 പേർക്കാണ് ഇന്നലെ പുതുതായി ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 12 സാമ്പിളുകളും നെഗറ്റീവ് ആണ്.