അമ്പലപ്പുഴ: അനാഥരായിരുന്നു ഈ വന്ദ്യവയോധികർ. അവശരായതോടെ പരിചരണത്തിന് ആരുമില്ലാത്ത അവസ്ഥയിലും. എന്നാൽ ഇവർക്ക് ഇന്നലെ മനസിൽ കാരുണ്യം വറ്റാത്ത ചില മനുഷ്യർ തുണയായി. അതോടെ ഇവർക്ക് ചവറ സനാതനതീരം സ്നേഹഭവനിൽ പുനരധിവാസമൊരുങ്ങി.
പുന്നപ്ര റെയിൽവെ സ്റ്റേഷനിൽ അവശനിലയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി രാജ(60), വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന നീണ്ടകര ഹാർബറിലെ അന്തേവാസി സോമൻ(61)എന്നിവരാണ് ആശ്വാസതീരത്തേയ്ക്ക് എത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും.
ആശുപത്രിയിൽ കൂട്ടിരിപ്പുകാർ ഇല്ലാതിരുന്ന ഇരുവർക്കും ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ സഹായങ്ങളു മൊരുക്കിയത് സന്നദ്ധപ്രവർത്തകരും ആശുപത്രി ജീവനക്കാരുമായിരുന്നു. ഡിസ്ചാർജ് ആയതിനു ശേഷം പോകാനിടമില്ലാതിരുന്ന രാജയ്ക്കും സോമനും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു .എം.കബീർ,പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവർ തുണയാകുകയായിരുന്നു.
ഇവരുടെ ശ്രമഫലമായി ചവറ സാന്ത്വനം സനാതനതീരം ഇവരെ ഏറ്റെടുക്കുവാൻ തയ്യാറായി. ആശുപത്രി ഹെഡ്നഴ്സുമാരായ എസ്. ഗീത,എൻ. പെണ്ണമ്മ,ബിനു,സ്റ്റാഫ് നഴ്സുമാരായ സുനീറ, മൃദുല,അനിറ്റ, ലിനി,രമ്യ. ജീവനക്കാരായ നവാസ്,മറിയാമ്മസേവ്യർ,രജനി എന്നിവർ, സനാതനതീരം ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ ഷിഹാബുദീൻ മധുരിമയ്ക്ക് ഇരുവരെയും കൈമാറി. തങ്ങളോട് കരുണ കാട്ടിയ എല്ലാവരോടും മനസുനിറഞ്ഞ് കടപ്പാടും നന്ദിയും അറിയിച്ചാണ് സോമനും രാജയും സനാതന തീരത്തണലിലേക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യാത്രയായത്.