ആലപ്പുഴ: നീണ്ട കാലയളവ് അടച്ചുപൂട്ടി​ അകത്ത് തന്നെ ഇരുന്ന ജനങ്ങൾക്ക് ആശ്വാസമേകി​ സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുഗതാഗതത്തിന് ഔദ്യോഗിക തുടക്കം.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും പ്രവർത്തനം പുനരാരംഭിക്കുന്നതോടെ സാധാരണക്കാരന്റെ ഗതാഗത പ്രതിസന്ധിക്ക് വലി​യ പരി​ധി​വരെ പരിഹാരമാകുമെന്നാണ് കരുതുന്നത്. വർദ്ധിപ്പിച്ച നിരക്കുമായി ജില്ലയ്ക്കുള്ളിൽ മാത്രമാണ് സർവീസ്.​ബസുകളിൽ മിനിമം ചാർജ് 12 രൂപയും ബോട്ടിൽ 8 രൂപയുമായി ഉയർത്തി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് സർവീസ്. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതൽ സർവീസുണ്ടാകും. ഉച്ച്സമയത്ത് സ‌ർവീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ബസിൽ പരമാവധി 27 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ടിക്കറ്റ് നിരക്കിൽ കെ.എസ്.ആർ.ടി.സിയിൽ 50 ശതമാനത്തിന്റെയും ജലഗതാഗതത്തിന് 33 ശതമാനത്തിന്റെയും വർദ്ധനവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും സർവീസുണ്ടാകും. യാത്രാ നിരോധനമുള്ള വിഭാഗക്കാരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. രാവിലെയും വൈകിട്ടും ഉദ്യോഗസ്ഥർക്കാണ് യാത്രാ മുൻഗണന. ഡ്യൂട്ടി​ കണ്ടക്ടർ അനുവദിക്കുന്ന യാത്രക്കാർക്കു മാത്രമേ പ്രവേശനം നൽകൂ. യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും കണക്കിലെടുത്താവും സർവീസ് ക്രമീകരണം. അണുനശീകരണം നടത്തിയ ബസുകളും ബോട്ടുകളും മാത്രമേ സർവീസിന് ഉപയോഗിക്കൂ. സർവീസിന് ശേഷം വാഹനം പൂർണമായി അണുവിമുക്തമാക്കും. വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിന്റെ രജിസ്റ്റർ അതത് വകുപ്പുകൾ രേഖപ്പെടുത്തും. മിനിസ്റ്റീരിയൽ, സ്റ്റോർ വിഭാഗം, മേൽനോട്ട വിഭാഗം ജീവനക്കാർ അമ്പത് ശതമാനമോ ആവശ്യാനുസരണമോ പ്രതിദിനം ജോലിക്ക് ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

......................

20

ജലഗതാഗതം- സംസ്ഥാനത്ത് 20 ഷെഡ്യൂൾ

122

കെ.എസ്.ആർ.ടി.സി - ജില്ലയിൽ 122 ഷെഡ്യൂൾ

......................

കുട്ടനാടിന് ആശ്വാസം

ജലഗതാഗതമല്ലാതെ മറ്റൊന്നും ആശ്രയമില്ലാത്ത ദ്വീപ് വാസികൾക്കും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലുള്ളവർക്കും ബോട്ട് സർവീസ് പുനരാരംഭിക്കുന്നത് വലിയ ആശ്വാസമാണ്. പ്രദേശത്തിന്റെ മുൻഗണന അനുസരിച്ചാണ് ഷെഡ്യൂളുകൾ നിശ്ചയിച്ചിരിക്കുന്നത്. വകുപ്പിന് കീഴിലെ എല്ലാ ബോട്ടുകളും അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് അണുവിമുക്തമാക്കി യാത്രാസജ്ജമാണ്.

‌നിർദേശങ്ങൾ

സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വ‌ൃത്തിയാക്കൽ നി​ർബന്ധം

അതി​ന് ശേഷം മാത്രം വാഹനത്തിലേയ്ക്ക് പ്രവേശനം

സാമൂഹിക അകലം കർശനമായി​ പാലിക്കണം

ബസിന്റെ പുറകുവശത്തെ വാതിൽ വഴി പ്രവേശനം

മുൻവാതിലിലൂടെ മാത്രം പുറത്തിറങ്ങാം

യാത്രക്കാർക്ക് മാസ്ക് നിർബന്ധം

സർവീസ് രാവിലെ 7 മുതൽ വൈകിട്ട് 7വരെ

കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ

ആലപ്പുഴ - 31

ചെങ്ങന്നൂർ - 15

ചേർത്തല - 29

ഹരിപ്പാട് - 14

കായംകുളം - 23

മാവേലിക്കര - 10

...........................

മറ്റ് യാത്രാസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ സർവീസിനാണ് മുൻഗണന. ദ്വീപുകളിലടക്കം ആവശ്യം പരിഗണിച്ചാവും ഷെഡ്യൂൾ ക്രമീകരിക്കുക

ഷാജി വി നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ

അതത് പ്രദേശങ്ങളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് സർവീസ് ക്രമീകരിക്കും. എല്ലാ ഡിപ്പോകളിലും ആവശ്യത്തിന് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

രഞ്ജിത്ത്, കൺട്രോളിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി

........................