ആലപ്പുഴ: കൊവിഡ് കാലത്ത് കൈയിൽ കിട്ടിയ മരുന്നുകുപ്പികളും മൊബൈൽ ഫോൺ കവറുകളും പത്രക്കടലാസും കൊണ്ട് കൗതുകവസ്തുക്കൾ തീർക്കുകയാണ് അമ്പലപ്പുഴ മറിയ മോണ്ടിസോറി സ്‌കൂളിലെ എഴാം ക്‌ളാസുകാരി ശ്രീലക്ഷ്മി.
പത്രക്കടലാസുകൾ ഉപയോഗിച്ചു ഉണ്ടാക്കിയ ആഫ്രിക്കൻ പാവയാണ് കൂട്ടത്തിലെ താരം. കുപ്പികൾ ചായക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കി. സ്വന്തം കരവിരുതിൽ പിറന്ന വൈവിദ്ധ്യമാർന്ന അലങ്കാര വസ്തുക്കൾക്ക് വർണ ചാർത്തുകൾ നൽകുന്ന തിരക്കിലാണ് ഇപ്പോൾ ശ്രീലക്ഷ്മി. ഇതിനാവശ്യമായ ക്ളേ ഒന്നും സ്റ്റോക്ക് ഉണ്ടായിരുന്നില്ല. മൈദ പോലെയുള്ള സാധനങ്ങളാണ് കൂടുതൽ ഉപയോഗിച്ചത്. പഠിപ്പിലും വരയിലും മികവ് പുലർത്തുന്നു ഈ കൊച്ചു മിടുക്കി ഡാൻസിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കാക്കാഴം ഭാഗ്യശ്രീയിൽ രതീഷിന്റെയും ആലപ്പുഴ എസ്.ഡി.വി ഗേൾസ് എച്ച്.എസിലെ അദ്ധ്യാപിക ധന്യയുടെയും മകളും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ടെക്സ്റ്റ് ബുക്ക് ഓഫീസർ ആയി വിരമിച്ച തോട്ടപ്പള്ളി ഭട്ടതിരിപറമ്പ് വീട്ടിൽ ധർമപാലക്കുറുപ്പിന്റെ ചെറുമകളുമാണ് ശ്രീലക്ഷ്മി.