boat

എടത്വാ: ലോക്ക് ഡൗൺ ഇളവിൽ പൊതുഗതാഗത സർവീസ് ആരംഭിക്കുന്നതോടെ കുട്ടനാട്ടിലെ യാത്രാദുരിതത്തിന് പരിഹാരമാകും. എടത്വാ ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസും ജലഗതാഗത വകുപ്പിന്റെ എടത്വാ സബ്ഡിപ്പോ ഓഫീസിൽ നിന്ന് ബോട്ട് സർവീസും രാവിലെ ഏഴ് മുതൽ ആരംഭിക്കും. ഒൻപത് ഷെഡ്യൂളുകളായാണ് ബസ് സർവ്വീസ് നടത്തുന്നത്. എടത്വാ- ചക്കുളത്തുകാവ്, ചക്കുളത്തുകാവ്-ആലപ്പുഴ, എടത്വാ-വീയപുരം-ഹരിപ്പാട്, എടത്വാ-തായങ്കരി- കിടങ്ങറ, എടത്വാ-മുട്ടാർ-ആലപ്പുഴ എന്നിങ്ങനെയാണ് ഷെഡ്യൂളുകൾ.
എടത്വായിൽ നിന്നുള്ള ബോട്ട് സർവ്വീസ് രാവിലെ ഏഴിന് ആരംഭിക്കും. ഒരുബോട്ട് മാത്രം സർവ്വീസ് നടത്തുന്ന ഡിപ്പോയിൽ ഷെഡ്യൂൾഡുകൾ തീരുമാനിച്ചിട്ടില്ല. എടത്വാ-നെടുമുടി റൂട്ടിലാണ് ആദ്യ സർവ്വീസ് നടത്തുന്നത്. മിനിമം ചർജ് എട്ട് രൂപയാണ് തീരുമാനിച്ചത്. കിലോമീറ്ററിന് 33 ശതമാനം വർദ്ധന വേണമെന്നാണ് ജലഗതാഗത വകുപ്പിന്റെ നിർദ്ദേശം.
പൊതുഗതാഗതം നടത്തുന്നതിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി എടത്വാ ഡിപ്പോ പരിസരം, ബസുകൾ, ജലഗതാഗത വകുപ്പിന്റെ എടത്വാ ഡിപ്പോ, ബോട്ട് എന്നിവ അണുവിമുക്തമാക്കുന്ന ജോലികൾ ഇന്നലെ നടന്നിരുന്നു. ബസുകളും ബോട്ടുകളും കഴുകി വൃത്തിയാക്കി അണുനാശിനി തളിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയും സുഭാഷിന്റെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയും ബോട്ടും അണുവിമുക്തമാക്കിയിരുന്നു.