ആലപ്പുഴ:മദ്യവില്പനയ്ക്കുള്ള മൊബൈൽ ആപ്പ് ലഭ്യമാക്കുന്നതിൽ അനിശ്ചിതത്വമുണ്ടെങ്കിലും തടസം നീങ്ങിയാൽ ജില്ലയിൽ മദ്യമെത്തുന്നത് 81 വില്പന കേന്ദ്രങ്ങൾ വഴി.

ബിവറേജസ്, കൺസ്യൂമർഫെഡ് വില്പനശാലകളിലെ സേവനത്തിന് ആപ്പ് സജ്ജമാക്കുന്നതിന് തടസമില്ലെങ്കിലും ബാറുകളിലും ബിയർ-വൈൻ പാർലറുകളിലും സംവിധാനം ഏർപ്പെടുത്താൻ വൈകുന്നതാണ് പ്രശ്നം. ഇന്ന് മദ്യവിതരണം പുനരാരംഭിക്കാൻ എല്ലാ ശ്രമങ്ങളും ബെവ്കോ നടത്തുന്നുണ്ട്. ചില്ലറ വില്പനശാലകൾക്ക് പുറമെ ബാറുകളിലും ബിയർ-വൈൻ പാർലറുകളിലും പാഴ്സൽ നൽകാൻ അനുവദിച്ച് സർക്കാർ തിങ്കളാഴ്ച തന്നെ ഉത്തരവ് ഇറക്കിയെങ്കിലും ആപ്പിന്റെ ട്രയൽ പൂർത്തിയായിരുന്നില്ല.

ജില്ലയിൽ 81 വില്പന സ്ഥലങ്ങൾ

ജില്ലയിൽ 22 വിദേശമദ്യ ചില്ലറ വില്പനശാലകളാണ് ഉള്ളത്. ഇതിൽ തോട്ടപ്പള്ളി , ആലപ്പുഴ എന്നിവിടങ്ങളിലായി കൺസ്യൂമർഫെഡിന് രണ്ട് ഷോപ്പുകളും ബാക്കി ബെവ്കോയ്ക്കുമാണ്.രണ്ട് ഫൈവ് സ്റ്റാറുകളുൾപ്പെടെ 38 ബാറുകളുണ്ട്. കെ.ടി.ഡി.സിയുടേതടക്കം 19 ബിയർ-വൈൻ പാർലറുകൾ.പുറമെ ആലപ്പുഴ നഗരത്തിലെ രണ്ട് ക്ളബ്ബുകളും.

ബിയർ-വൈൻ പാർലറുകൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽ നിലവിൽ മദ്യം സ്റ്റോക്കുണ്ട്. ആലപ്പുഴയിലെ വെയർഹൗസിൽ നിന്നാണ് ഇവിടെല്ലാം മദ്യമെത്തുന്നതെന്നതിനാൽ ക്ഷാമമുണ്ടാവാൻ സാദ്ധ്യതയില്ല.