 കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമസ്ഥരെ കണ്ടെത്തി നൽകി

ആലപ്പുഴ : കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമസ്ഥർക്ക് തിരികെ നൽകി ബിജുവും തോമസും. എ.ടി.എമ്മിൽ നിന്നാണ് ഉടമസ്ഥനില്ലാതെ പതിനായിരം രൂപ കളപ്പുര ചക്കാലക്കൽ വീട്ടിൽ ബിജു ചക്കാലക്കലിന് ലഭിച്ചത്. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പുന്നമ്മട പാക്കള്ളിയിൽ തോമസ് വർഗീസിന് 10 ഗ്രാം തൂക്കമുള്ള കൈച്ചെയിനാണ് കളഞ്ഞുകിട്ടിയത്.

തത്തംപള്ളി ഇലഞ്ഞിക്കൽ മഠത്തിൽ ബാബു വർഗീസ് കഴിഞ്ഞ 16ന് പഴവങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ നിന്നും പണം എടുക്കാനെത്തി കാർഡ് നിക്ഷേപിച്ച ശേഷം ഏറെ നേരം കാത്ത് നിന്നെങ്കിലും പണം ലഭിച്ചില്ല. എടിഎമ്മിൽ പണം ഇല്ലെന്ന് കരുതി ബാബു വർഗീസ് തിരികെ പോയി. ഇതിന് പിന്നാലെ എത്തിയ ബിജുവിന് ബാബു വർഗീസ് എടുക്കാതെ പോയ പണം ലഭിച്ചു. തുടർന്ന് ബിജു നോർത്ത് പൊലീസിൽ തുക ഏൽപ്പിച്ചെങ്കിലും ഉടമയെ കണ്ടെത്താൻ 2 ദിവസമെടുത്തു. ബാങ്കിന്റെ സഹകരണത്തോടെയാണ് ഉടമസ്ഥനെ കണ്ടെത്തി പണം തിരികെ നൽകിയത്.

കാവാലം ബോട്ട് ജെട്ടിയിലെ ലാസ്ക്കറായ തോമസ് വർഗീസിന് ഇന്നലെ ഉച്ചയോടെയാണ് പുളിങ്കുന്ന് പള്ളിക്ക് സമീപത്തു നിന്നും കൈച്ചെയിൻ അടങ്ങുന്ന പഴ്സ് കളഞ്ഞുകിട്ടിയത്. ചെയിൻ, എടിഎം കാർഡ് എന്നിവ അടങ്ങിയ പഴ്സ് തോമസ് വർഗീസ് സുഹൃത്തിനൊപ്പം നോർത്ത് പൊലീസിൽ എൽപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പഴ്സ് പുളിങ്കുന്ന് നാൽപതിൽ വീട്ടിൽ സന്തോഷിന്റേതാണെന്ന് മനസിലാക്കുകയും ഇദ്ദേഹത്തെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തിരിച്ചേൽപ്പിക്കുകയുമായിരുന്നു.