ഹരിപ്പാട്: സിമെന്റ് കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 5നായിരുന്നു അപകടം. ഡ്രൈവർ കോട്ടയം കുമരകം സ്വദേശി ഷിജോ ആണ് (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഹൈവേ പൊലീസും എമർജൻസി റസ്ക്യു ടീമും നാട്ടുകാരും പരിശ്രമിച്ച് ലോറിയുടെ മുൻ ഭാഗത്തെ ചില്ല് തകർത്താണ് ഷിജോയെ പുറത്തെടുത്തത്. എറണാകുളത്ത് നിന്നും ആറ്റിങ്ങലിലെ സ്വകാര്യ കമ്പനിയിലേയ്ക്ക് സിമെന്റ് കൊണ്ടുപോകുകയായിരുന്നു. 600 ചാക്ക് സിമന്റ് ലോഡാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 70 ഓളം ചാക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടായ കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയെ മറികടന്ന് മറ്റൊരു വാഹനം മുന്നോട്ട് കടന്നപ്പോൾ വശത്തേക്ക് ഒതുക്കിയപ്പോഴാണ് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്. ശേഷിച്ച സിമെന്റ് മറ്റൊരു ലോറിയിലേക്ക് മാറ്റി കൊണ്ടു പോയി. കുത്തനെ മറിഞ്ഞ ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.