മാവേലിക്കര: സി.പി.ഐ സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാവേലിക്കര മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തി. കോവിഡ് പ്രതിരോധത്തിന് കേരളത്തിന് അർഹമായ കേന്ദ്രഫണ്ട് അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി തൊഴിൽ ദിനങ്ങളും കൂലിയും വർദ്ധിപ്പിക്കുക, കോവിഡിന്റെ മറവിൽ നടത്തുന്ന സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക, തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, ജനങ്ങളുടെ കൈകളിൽ പണവും റേഷനും എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ സമരം നടത്തിയത്.

മാവേലിക്കര ടൗൺ ലോക്കൽ കമ്മി​റ്റി മാവേലിക്കര ഹെഡ് പോസ്റ്റാഫീസ് മുന്നിൽ നടത്തിയ സമരം മണ്ഡലം സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശ്യാംകുമാർ അധ്യക്ഷനായി. ചുനക്കര ലോക്കൽ കമ്മി​റ്റി ചുനക്കര പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാകൗൺസിൽ അംഗം അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സിനു ഖാൻ അദ്ധ്യക്ഷനായി. നൂറനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് പടനിലം പോസ്റ്റ്‌ ഓഫിസിന് മുന്നിൽ നടത്തിയ സമരം മണ്ഡലം അസി.സെക്രട്ടറി എ.എൻ ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജെ.സോബി അദ്ധ്യക്ഷനായി. തഴക്കരയിൽ കുന്നം പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ സമരം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ അദ്ധ്യക്ഷനായി. വെട്ടിയാർ ലോക്കൽ കമ്മി​റ്റി മാങ്കാംകുഴി പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ സമരം കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. മനോഹരൻ അദ്ധ്യക്ഷനായി.