കുട്ടനാട്: കഴിഞ്ഞ ഒരു വർഷമായി കയറിക്കിടക്കാൻ നല്ലൊരു വീടുപോലുമില്ലാതെ ദുരിതജീവിതം നയിച്ചച പുളിങ്കുന്ന് പഞ്ചായത്ത് കണ്ണാടി പതിനഞ്ചിൽചിറ തങ്കച്ചിയ്ക്കും പതിമൂന്ന് വയസുള്ള മകൾ സ്വാതിയ്ക്കും കൈത്താങ്ങുമായി നന്മ ഫൗണ്ടേഷൻ.
ഐ.ജി പി വിജയൻനേതൃത്വം നൽകുന്ന നന്മ ഫൗണ്ടേഷന്റെ പ്രവർത്തകർ വീട്ടിലെത്തി ഇവർക്ക് ഭക്ഷ്യധാന്യകിറ്റ് നൽകി.'പുതിയ വീട് വാഗ്ദാനത്തിലൊതുങ്ങി അമ്മയ്ക്കും മകൾക്കും ദുരിത ജീവിതം" എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി തങ്കച്ചിയുടെയും മകളുടെയും ദയനീയാവസ്ഥ വാർത്തയായി പ്രസിദ്ധികരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ട നന്മപ്രവർത്തകരും ജനമൈത്രി പൊലീസും ഇന്നലെ ഉച്ചയോടെ ഇവർക്ക് സഹായഹസ്തവുമായി എത്തുകയായിരുന്നു. .ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് സന്തോഷ് 9 വർഷം മുമ്പ് മരിച്ചതോടെ തങ്കച്ചിയും മകളും തനിച്ചായി. തങ്കച്ചി അലക്ക് തൊഴിലിനും മറ്റും പോയി കിട്ടുന്ന തുച്ഛവരുമാനം മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ആ തൊഴിലും നഷ്ടമായി. സ്വന്തമായി വീടില്ലാത്തതിന്റെ പേരിൽ റേഷൻ കാർഡ് പോലുമില്ലാത്ത ഇവർക്ക് സർക്കാർ നൽകുന്ന സൗജന്യ റേഷനും ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് നന്മഫൗണ്ടേഷൻ പ്രവർത്തകരായ എസ് ബാലകൃഷ്ണൻ, സി.പി.ഒ ഗിരിഷ്‌കുമാർ,പി.എസ് അനില ,കവി പുന്നപ്ര ജ്യോതികുമാർ എന്നിവർ സഹായവുമായി എത്തിയത്.