കുട്ടനാട് : കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാമങ്കരി പൊലീസ് കേസെടുത്തു. കെ.സി പാലം പൊളിച്ചു ഉയരംകൂട്ടി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കിടങ്ങറ കെ.സി പാലത്തിൽ നിന്നും ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് ബോട്ട് മാർഗം കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ജലദുരന്ത ജാഗ്രത യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.പി.

അന്യായമായി സംഘംചേരുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് രാമങ്കരി പൊലീസ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കുന്നത് ലംഘിക്കുകയോ അന്യായമായി സംഘം ചേരുകയോ ചെയ്തിട്ടില്ലെന്നും എം പിക്ക് നിവേദനം നൽകാൻ എത്തിയവർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു.