മാവേലിക്കര: നാട്ടുകാർക്ക് പത്തിരിയും കോഴിക്കറിയും നൽകി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി​യുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ഐ.വൈ.എഫ് പ്രവർത്തകർ സമാഹരിച്ചത് 45000 രൂപ. എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പത്തിരിയും കോഴിക്കറിയും ചലഞ്ച് എന്ന പദ്ധതി ആവിഷ്കരിച്ചത്. 25 പത്തിരിയും കോഴിക്കറിയ്ക്കും 150 രൂപ ക്രമത്തിലാണ് നൽകിയത്. വിതരണം സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി ശ്രീകുമാർ ഫ്ലാഗ് ഓൺ ചെയ്തു. രാജേഷ്, അംജദ്, സിനു ഖാൻ, സുരേന്ദ്രൻ, മിഥുൻ, ബൈജു, സിബി ഖാൻ, അഖിൽ ചന്ദ്രൻ, വിപിൻ ജോയ്, അനീഷ് രാജ്, അനിൽ.പി എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മറ്റ് കേന്ദ്രങ്ങളിൽ ബിരിയാണി ചലഞ്ച് നടക്കുന്നുണ്ട്. ബിരിയാണി പായ്ക്കറ്റുകൾ പ്രവർത്തകരുടെ വാഹനങ്ങളിൽ ഓർഡർ ചെയ്തവരുടെ വീടുകളിൽ എത്തിച്ചു നൽകുകയാണ് പദ്ധതി. ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭമടക്കമുള്ള തുക ജില്ലാ കമ്മിറ്റി സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.