 സർക്കാർ ഖജനാവിലെത്തുന്നത് 20,59,44,000രൂപ

 പൊഴി മുറിക്കാനുള്ള ജോലികൾക്കും തുടക്കം

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ കനാലിലെ നീരൊഴുക്ക് ശക്തമാക്കുന്നതിനുള്ള ആഴം വർദ്ധിപ്പിക്കൽ ജോലികൾക്ക് തുടക്കമായി. സ്പിൽവേ ചാനൽ മുതൽ വീയപുരം വരെയുള്ള 11കിലോമീറ്റർ നീളത്തിലെയും, പാലത്തിനും അഴിമുഖത്തിനും ഇടയിലുള്ള ജലാശയത്തിലെയും മണൽ നീക്കം ചെയ്യാനാണ് പദ്ധതി. സർക്കാരിന് ഒരു ചെലവുമില്ലാതെ 5.12 ലക്ഷം എംക്യൂബ് മണൽ നീക്കം ചെയ്യുന്ന പദ്ധതി ഇറിഗേഷൻ വകുപ്പാണ് നടപ്പാക്കുന്നത്. പാലത്തിന് കിഴക്ക് ഭാഗത്തെ മണലുംചെളിയും നീക്കം ചെയ്യുന്നതിന് സ്വകാര്യ വ്യക്തിയ്ക്കും ധാതുമണൽ ഉള്ള പൊഴിമുഖത്തെ ആഴംവർദ്ധിപ്പിക്കുന്നതിന് ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയിട്ടുള്ളത്.

സർക്കാരിലേക്ക് പണം നൽകി ആഴം വർദ്ധിപ്പിക്കുന്ന പദ്ധതി സ്പിൽവേയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ഇങ്ങനെ നീക്കം ചെയ്യുന്ന മണൽ കരാറുകാരന് ജിയോളജി വകുപ്പിന്റെ അനുമതി പാസോടെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാം. പ്രളയത്തിൽ ഒഴുകിയെത്തിയ മണലും ചെളിയും അടിഞ്ഞ് പാലത്തിന്റെ കിഴക്കുഭാഗത്ത് ചാനലിന് ആഴംകുറഞ്ഞിരുന്നു. ഇവിടെ ഇപ്പോൾ മുട്ടറ്റം വെള്ളം മാത്രമേയുള്ളൂ. ചാലിന് ആഴമുണ്ടെങ്കിൽ മാത്രമേ വെള്ളം വേഗത്തിൽ കടലിലേക്ക് ഒഴുകിമാറൂ.

പൊഴിമുഖത്തെ ആഴം വർദ്ധിപ്പിക്കലിനോടൊപ്പം പൊഴി മുറിക്കലിനുള്ള മുന്നൊരുക്കജോലിയ്ക്കും തുടക്കമായി. 190 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും 2.5 മീറ്റർ താഴ്ചയിലും ചാൽ വെട്ടുന്ന ജോലിയാണ് ഇന്നലെ തുടങ്ങിയത്. കരാർ വിളിച്ചെങ്കിലും 25നേ ടെണ്ടർ പൊട്ടിക്കുകയുള്ളു. എങ്കിലും, വേനൽമഴയിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി പൊഴിമുഖത്തെ ചാൽ വെട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ചുമതലയും കെ.എം.എം.എല്ലിനാണ്

നീക്കം ചെയ്യുന്ന മണൽ

തോട്ടപ്പള്ളി പാലം മുതൽ വീയപുരം വരെ 11കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള ലീഡിംഗ് ചാനലിൽ നിന്ന് 3.12ലക്ഷം മീറ്റർ ക്യൂബ് മണൽ നീക്കം ചെയ്യും.

തോട്ടപ്പള്ളി പാലത്തിനും പൊഴിമുഖത്തിനും ഇടയിൽ നിന്ന് നീക്കം ചെയ്യുന്നത് രണ്ട് ലക്ഷം മീറ്റർ ക്യൂബ് മണൽ

ആകെ നീക്കം ചെയ്യുന്നത് : 5.12 ലക്ഷം മീറ്റർ ക്യൂബ് മണൽ

സർക്കാർ ഖജനാവിലെത്തുന്ന

മണൽവില (രൂപയിൽ)

11. 29 കോടി : വീയപുരം വരെയുള്ള ഭാഗത്തെ ഒരു എംക്യൂബ് മണലിന് 362 രൂപ നിരക്കിൽ

9.30കോടി : പാലത്തിനും പൊഴിമുഖത്തിനും ഇടയിലുള്ള ഭാഗത്തെ ഒരു എംക്യൂബ് മണലിന് 465 രൂപ നിരക്കിൽ

 കാലവർഷത്തിന് മുമ്പ്

മാർച്ച് മുതൽ മൂന്ന് മാസകാലം കൊണ്ട് ആഴം വർദ്ധിപ്പിക്കാനായിരുന്നു കരാർ. എന്നാൽ, ലോക്ക് ഡൗൺ മൂലം രണ്ട് മാസം ജോലി നടന്നില്ല. കാലവർഷത്തിന് മുമ്പ് സ്പിൽവേയിലെ ആഴം വർദ്ധിപ്പിക്കാനായി കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചു മണൽ നീക്കം ചെയ്യുന്നതരത്തിലാണ് ജോലി ആരംഭിച്ചത്. ഇന്നലെ ജലസേചന വകുപ്പിന്റെ ഒരു മിനി ഡ്രഡ്ജർ വാടയ്ക്കെടുത്താണ് കരാറുകാരൻ മണൽ നീക്കം തുടങ്ങിയത്. അടുത്ത ദിവസം കൂടുതൽ ഡ്രഡ്ജറുകൾ ഇത്തിക്കും.

"കൊവിഡിനെ തുടർന്ന് കനാലിന്റെ ആഴം വർദ്ധിപ്പിക്കൽ ജോലി മൂന്നുമാസത്തേക്ക് നിർത്തിവേയ്ക്കേണ്ടി വന്നു. കാലവർഷം എത്തും മുമ്പേ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കും.

അരുൺ ജേക്കബ്, എക്സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്, ആലപ്പുഴ