fire-force-boat

 ലഭ്യമായ ഉപകരണങ്ങളുമായി അഗ്നി രക്ഷാ സേന തയ്യാറെടുപ്പിൽ

ആലപ്പുഴ : കാറ്റും മഴയും തുടങ്ങിയതോടെ, ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാനുള്ള തയാറെടുപ്പിലാണ് അഗ്നിരക്ഷാസേന . ആധുനിക സജ്ജീകരണമുള്ള ബോട്ടിന്റെ അഭാവമാണ് ആലപ്പുഴയിലെ അഗ്നിരക്ഷാ സേന നേരിടുന്ന വലിയ വെല്ലുവിളി. ജ്വാല, അഗ്നി എന്നിങ്ങനെ രണ്ട് ബോട്ടുകൾ യൂണിറ്റിലുണ്ടെങ്കിലും അവ കാലപ്പഴക്കം മൂലം അപകടാസ്ഥയിലാണ്. വകുപ്പിന്റെ ആവശ്യം കണക്കിലെടുത്ത് 'സമുദ്ര" എന്ന പേരിൽ ഒരു ഫയർ ബോട്ട് നിർമ്മിച്ചിരുന്നെങ്കിലും ആവശ്യത്തിന് വേഗത ലഭിക്കാത്തതിനാൽ അതിന്റെ സേവനം പ്രയോജനപ്പെടുത്താനാവില്ല.

കെടുതികൾ നേരിടാൻ ആവശ്യത്തിനുള്ള ലൈഫ് ജാക്കറ്റുകൾ ആലപ്പുഴയിൽ സ്റ്റോക്കുണ്ട്. മഴ ശക്തമായതോടെ മരം വീഴ്ച വ്യാപകമാണ്. മരം മുറിക്കുന്നതിനുള്ള ചെയിൻ സോ , ജലാശയങ്ങളിൽ രക്ഷാപ്രവർത്തനത്തിനുള്ള സ്കൂബ സെറ്റ്, ഡിങ്കി എന്നിവ പ്രവർത്തന സജ്ജമാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കി. മത്സ്യത്തൊഴിലാളികളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

 അത്യാവശ്യം

കുട്ടനാട് പോലെ സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ അതിവേഗതയും ആധുനിക സംവിധാനങ്ങളുമുള്ള ബോട്ട്

രക്ഷാ പ്രവർത്തനത്തിനുള്ളത്

ഫയർ ബോട്ട്, ഡിങ്കി, മുങ്ങിത്തപ്പുന്നതിനുള്ള സ്കൂബ സെറ്റ്, ചെയിൻ സോ, ലൈഫ് ജാക്കറ്റ്

കൊവിഡ് തിരക്ക്

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിവിധ ഓഫീസുകൾ അണുനശീകരിക്കുന്നതിലും ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് എത്തിക്കുന്നതിലും ഫയർഫോഴ്സ് ജീവനക്കാർ സജീവമാണ്.

ആലപ്പുഴയ്ക്ക് മാത്രം

ട്രെയിലർ പമ്പ്

ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത മൂലം രാജ്യത്ത് ട്രെയിലർ പമ്പ് സ്വന്തമായുള്ള ഏക ഫയർഫോഴ്സ് യൂണിറ്റാണ് ആലപ്പുഴയിലേത്. വേലിയേറ്റം മൂലം ശവസംസ്ക്കാരം ഉൾപ്പടെയുള്ള ചടങ്ങുകൾ താഴ്ന്ന പ്രദേശങ്ങളിൽ മുടങ്ങുന്നത് കണക്കിലെടുത്താണ് ആലപ്പുഴയ്ക്ക് ട്രെയിലർ പമ്പ് ലഭിച്ചത്. മഴക്കാലത്താണ് പമ്പിന് ജോലിത്തിരക്ക് കൂടുന്നത്. വീടുകളുടെ മുറ്റത്തും, ഓഫീസുകളിലും കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ഉപയോഗിച്ച് ദൂരെയുള്ള തോട്ടിലേക്കോ, മറ്റു ജലസംഭരണികളിലേക്കോ മാറ്റും.

''അത്യാധുനിക സജ്ജീകരണങ്ങളുള്ള ബോട്ടാണ് അത്യാവശ്യം.ദുരന്തമുഖത്തെ നേരിടാനുള്ള മറ്റ് എല്ലാ സംവിധാനങ്ങളും സജ്ജമാണ്. ദുരന്ത നിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്'' -

ഫയർ ഫോഴ്സ് അധികൃതർ