ആലപ്പുഴ: സുഹൈൽ വധശ്രമക്കേസ് അട്ടിമറിക്കാനുള്ള സി.പി.എം നേതാക്കളുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് നവമാദ്ധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളെന്ന് യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ.പി.സി.സി നേതാവിന് എതിരെ പരാതി നൽകിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരാതി വ്യാജമാണെന്നും അതിലെ ഒപ്പ് തന്റെതല്ലെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനം അനുസരിച്ച് നിയമ നടപടി സ്വീകരിക്കും. കേസിലെ ഒന്നാം പ്രതി തന്നെ അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി, വള്ളികുന്നം സി.ഐ എന്നിവർക്ക് നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനാൽ ,വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചു. സുഹൈലിനെ അക്രമിച്ച സംഭവത്തിൽ കെ.പി.സി.സിയും ഡി.സി.സിയും പൂർണ്ണസഹായമാണ് നൽകിയിട്ടുള്ളതെന്നും മുഹമ്മദ് ഇക്ബാൽ പറഞ്ഞു. തന്നെ അക്രമിച്ചത് ക്വട്ടേഷൻ സംഘമല്ലെന്നും പ്രദേശത്ത സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണെന്നും വാർത്താ സമ്മേളനത്തിൽ സുഹൈൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സൽമാൻ പൊന്നേറ്റിൽ, അവിനാശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.