chalo-card

 രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സർവീസ് ഒഴിവാക്കാൻ നിർദ്ദേശം

ആലപ്പുഴ : നീണ്ട ഇടവേളയ്ക്കു ശേഷം കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പും സർവീസുകൾ പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.ജില്ലയ്ക്കുള്ളിൽ മാത്രമാണ് യാത്രയെന്നറിയാതെ ദീർഘദൂരയാത്രയ്ക്ക് എത്തിയവർ നിരാശരായി മടങ്ങി.

സാമൂഹ്യ അകലം പാലിച്ചുള്ള സീറ്റ് ക്രമീകരണവും സാനിട്ടൈസർ ഉപയോഗവുമായി പുതിയ ഭാവത്തിലായിരുന്നു സർവീസ്. ഉദ്യോഗസ്ഥരാണ് ഇന്നലെ യാത്ര ചെയ്തവരിലധികവും. രാവിലെയും വൈകിട്ടും പ്രതീക്ഷിച്ചതിലും തിരക്ക് സ്റ്റാൻഡുകളിൽ അനുഭവപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. ഉച്ചസമയത്ത് യാത്രക്കാരുടെ എണ്ണം കുറയുന്നതിനാൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സർവീസ് നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.സീറ്റുകൾ നിറയുമ്പോൾ തിരക്കുണ്ടാക്കാതെ മാറി നിന്ന് സഹകരിക്കാൻ ജനം തയ്യാറാവുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.

പാണാവള്ളി, കാവാലം, കൈനകരി, നെടുമുടി, എടത്വ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ജലഗതാഗത വകുപ്പ് സർവീസ് നടത്തിയത്. ആട്ടോമാറ്റിക്ക് ഡോ‌ർ സംവിധാനമുള്ള ബസുകൾ ഡിപ്പോകളിലുണ്ടെന്നിരിക്കേ, യാത്രക്കാർ സ്വയം തുറക്കുന്ന വാതിലുള്ള ബസുകൾ കൊവിഡ് കാലത്ത് ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. മാന്വൽ ഡോർ ബസുകൾ രോഗവ്യാപനത്തിന് കാരണമാകുമെന്ന് യാത്രക്കാരും ജീവനക്കാരും ഭയക്കുന്നു.

വിപുല ക്രമീകരണങ്ങൾ

സ്റ്റാൻഡിലും ബോട്ട് ജെട്ടിയിലും യാത്രക്കാർക്ക് കൈകഴുകുന്നതിനുള്ള സജ്ജീകരണങ്ങൾ

 കണ്ടക്ടർമാർക്ക് കൈയിൽ കരുതാൻ സാനിട്ടൈസർ നൽകി

 കൈ കഴുകിയ ശേഷം പ്രവേശിക്കാൻ സാധിക്കാത്ത യാത്രക്കാർക്ക് കണ്ടക്ടർമാർ സാനിട്ടൈസർ പകർന്നു നൽകും.

 വരുന്നു 'ചലോ കാർഡ്'

തിരുവന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പ്രീപെയ്ഡ് ചലോ കാർഡ് എല്ലാ ജില്ലകളിലും എത്തുന്നതോടെ പണത്തിന് പകരം റീച്ചാർജ് ചെയ്ത കാർഡ് കാണിച്ച് യാത്ര ചെയ്യാനാവും. യാത്രക്കാർക്ക് പണം നൽകി കാർഡ് വാങ്ങാം. ബാലൻസ് തീരുന്നത് വരെ യാത്ര ചെയ്യാം. ബാലൻസ് തീർന്നാൽ റീച്ചാർജിംഗും കണ്ടക്ടർ തന്നെ നടത്തും. കാർഡ് റീഡ് ചെയ്യുന്ന ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് പണം ഈടാക്കും. പത്ത് രൂപയും അതിന്റെ ഗുണനങ്ങളിലും റീചാർജ് ചെയ്യാം. ടച്ച് സ്ക്രീനോട് കൂടിയ ആധുനിക ടിക്കറ്റ് മെഷീനും ഇതിനായി തയാറാക്കിയിട്ടുണ്ട്.

''ബോട്ട് സർവീസ് തുടങ്ങിയത് വലിയ ആശ്വാസമാണ്. ദിവസവും നഗരത്തിലെ ജോലി സ്ഥലത്തേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ചെറുവള്ളങ്ങൾ വാടകയ്ക്കെടുത്താണ് കരയ്ക്കെത്തിയിരുന്നത്.''

- ടി.എസ്.ഷാബു, കൈനകരി