ആലപ്പുഴ : ജില്ലയിൽ ഇന്നലെ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. ഒൻപതിന് കുവൈറ്റിൽ നിന്നും എത്തിയ, മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തിയ ഇരുവരും ഹോം ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഗർഭിണിയെ ചൊവ്വാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഭർത്താവിനെയും ഇവിടേക്ക് മാറ്റി. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 3189 പേരാണ്. 20 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 246 പേർക്കാണ് ഇന്നലെ പുതുതായി ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 46 സാമ്പിളുകളിൽ ഒന്നൊഴികെ മറ്റെല്ലാ സാമ്പിളുകളും നെഗറ്റീവാണ്.