ആലപ്പുഴ : വിദേശമലയാളിയുടെ വീട്ടിലെ വിദേശനിർമ്മിത മദ്യശേഖരം റെയ്ഡ് ചെയ്ത് പിടിച്ചിട്ടും കേസെടുക്കാതിരുന്നത് കണ്ടെത്താൻ കഴിയാതിരുന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ വിമർശനമുയരുന്നു.

മെയ് ഒന്നിനാണ് പൊലീസ് റെയ്ഡിൽ മദ്യം പിടിച്ചെടുത്തത്. തുടർ നടപടി സ്വീകരിക്കാത്ത പൊലീസ് നടപടി ദിവസങ്ങൾക്കുള്ളിൽ പുറത്തായി. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് കണ്ടെത്താൻ കഴിഞ്ഞില്ല. പിടിച്ചെടുത്തെന്ന് പറയുന്ന മദ്യം ഒളിപ്പിച്ചത് എവിടെയെന്ന് കണ്ടെത്താൻ പോലും രഹസ്യാന്വേഷണ വിഭാഗത്തിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് വിമർശനവും ഉയർന്നിരുന്നു. സംഭവവുമായി ബന്ധപെട്ട് സൗത്ത് സ്റ്റേഷനിലെ എസ്.ഐ, പ്രൊബേഷൻ എസ്.ഐ ഉൾപ്പെടെ നാലുപേരെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ആഴ്ചതലത്തിലുള്ള അവലോകനം നടക്കാത്തതിനാൽ പല സ്റ്റേഷനുകളിലെയും എസ്.ബി, എസ്.എസ്.ബി വിഭാഗത്തിന്റെ പ്രവർത്തനം മനന്ദഗതിയാലാണെന്നും ആക്ഷേപമുണ്ട്.