ചാരുംമൂട്: ഇന്നലെ വരെ ബസ് ഡ്രൈവറായിരുന്ന ജിതിൻ ഇനി മുതൽ വെഹിക്കിൾ ഇൻസ്പെക്ടർ. സ്ഥിരോത്സാഹിയായ ഈ യുവാവിനെ ചാരുംമൂട് എസ്. എൻ.ഡി.പി യൂണിയൻ അനുമോദിച്ചു.
എൻജിനിയറിംഗ് പഠനത്തിന് ശേഷം ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ചുനക്കര 322-ം നമ്പർ എസ് എൻ ഡി പി ശാഖാംഗമായ ജിതിൻ. തുടർന്ന് മോട്ടോർ വാഹന ഇൻസ്പെക്ടർ പരീക്ഷ എഴുതിയ ജിതിന് സെലക്ഷനും ലഭിച്ചു.
എൻജിനിയറിംഗ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയിട്ടും തൊഴിലന്വേഷകനായി നിൽക്കാതെ കിട്ടിയ ജോലി ചെയ്യുന്നതിന് മടി കാട്ടിയില്ല. കഠിന പ്രയത്നത്തിലൂടെ മോട്ടോർ വാഹന വകുപ്പിൽ ഉയർന്ന തസ്തികയിൽ തന്നെ ജോലി കരസ്ഥമാക്കിയതിൽ ജിതിനും കുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണ്.
അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് ചാരുംമൂട് യൂണിയന്റേയും യൂത്ത് മൂവ്മെന്റിന്റേയും ചുനക്കര 322-ം ശാഖായോഗത്തിന്റേയും ഉപഹാരം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ജിതിന് കൈമാറി. ചടങ്ങിൽ യൂണിയൻ കൺവീനർ ബി സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത് ചുനക്കര, കമ്മിറ്റി അംഗം ചന്ദ്രബോസ്, യൂത്ത്മൂവ്മെന്റ് ചെയർമാൻ വി വിഷ്ണു, ശ്രാവൺ, ശ്രീക്കുട്ടൻ, മഹേഷ്, വിശ്വനാഥൻ, പ്രസാദ്, മഞ്ജുപ്രകാശ് എന്നിവർ പങ്കെടുത്തു.