ചേർത്തല:കാർഷിക മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുമുഖങ്ങളെ സഹായിക്കുവാൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി ഇന്ന് ആരംഭിക്കും.മന്ത്റി ഡോ.ടി.എം.തോമസ് ഐസക്ക് ഇന്ന് ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പിൽ നിന്ന് അഡീഷണൽ ഡയറക്ടറായി വിരമിച്ച ബീനാ നടേശ്, പി.ജി.ചന്ദ്രമതി,പ്രഥമ കർഷക മിത്ര ടി.എസ്.വിശ്വൻ എന്നിവരാണ് അഗ്രികൾച്ചറൽ കൺസൾട്ടൻസിയിലെ അംഗങ്ങൾ. ഫോണിലൂടെയും അല്ലാതെയും ഇവരിൽ നിന്ന് കാർഷിക സംബന്ധമായ ഉപദേശങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാകും.ബാങ്ക് ലോണുകൾക്കാവശ്യമായ പദ്ധതികളും തയ്യാറാക്കി നൽകും.മിതമായ ഫീസ് നിരക്കിൽ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ പറഞ്ഞു.ആദ്യമായാണ് ഒരു സഹകരണബാങ്ക് അഗ്രികൾച്ചറൽ കൺസൾട്ടൻസി ആരംഭിക്കുന്നത്.