usha-house

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ പൊയ്ക്കാട്ടു ഗിരിജൻ കോളനിയിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈൻ അപകടഭീഷണിയുയർത്തുന്നു. .രവീന്ദ്രന്റേയും ഉഷയുടേയും വീടുകളുടെ മേൽക്കൂരയിൽ നിന്നും അരമീറ്ററോളം അകലത്തിലാണ് ത്രീ ഫേസ് ലൈൻ കമ്പി കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ കമ്പികൾ തമ്മിൽ കൂട്ടിമുട്ടി തീപ്പൊരി ഉണ്ടായി.

കോളനിയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ പലതും കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ നിലയിലുമാണ്.പൂച്ചാക്കൽ ഇലക്ട്രിസിറ്റി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ലൈൻ കമ്പി മാറ്റുന്നതിന് എസ്റ്റിമേറ്റ് എടുത്തതാണ്. എന്നാൽ ഇതിന്റെ ചിലവ് കോളനി നിവാസികൾ തന്നെ വഹിക്കണമെന്ന നിർദ്ദേശമാണുണ്ടായതെന്ന് ഊരുമൂപ്പൻ സാബു പറഞ്ഞു. രണ്ടും മൂന്നും സെൻറുകളിലായി 24 ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ട്രൈബൽ ഡിപ്പാർട്ടുമെന്റും പ്രശ്ന പരിഹാരത്തിന് ഇടപെടുന്നില്ല.

പഞ്ചായത്ത് സമിതിയിൽ വിഷയം ചർച്ച ചെയ്തപ്പോൾ വ്യക്തികളുടെ വസ്തുവിലുള്ള പോസ്റ്റും കമ്പിയും മാറ്റാൻ ഫണ്ട് അനുവദിക്കാൻ നിർവാഹമില്ലെന്നാണ് സെക്രട്ടറി അറിയിച്ചത്. പ്രശ്നത്തിന് സാങ്കേതികത്വത്തിന്റെ പേരിൽ പരിഹാരം ഉണ്ടാക്കാത്തത് നീതികരിക്കാനാവില്ലെന്ന് ഗോത്രവർഗ മഹാസഖ്യം സംസ്ഥാന പ്രസിഡൻറ് കെ.വി.ഷാജി പറഞ്ഞു.