അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുഖ്യ കവാടത്തിനു സമീപം പാർക്കു ചെയ്തിരുന്ന അന്യസംസ്ഥാന രജിസ്ട്രേഷനുള്ള കാർ ആശങ്കയുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ ആയിരുന്നു സംഭവം. പ്രദേശവാസികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം ഇവിടെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പടിഞ്ഞാറെ മതിലിനോട് ചേർന്ന് വാഹനം കണ്ടെത്തി. 55 കാരനായ വാഹന ഉടമയെ ചോദ്യം ചെയ്തപ്പോൾ താൻ കോഴിക്കോട് സ്വദേശിയാണെന്നും , മദ്ധ്യപ്രദേശിൽ നിന്നും ഇന്നലെ ഉച്ചയോടെ ഭാര്യവീടായ എടത്വയിലെത്തിയതാണെന്നും പൊലീസിനോടു പറഞ്ഞു. മദ്ധ്യ പ്രദേശിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ സ്വയം വാഹനമോടിച്ചാണ് ഇവിടെ എത്തിയത്. അന്യസംസ്ഥാനത്തു നിന്നും വന്നതു കൊണ്ട് ഇയാളെ എടത്വ പഞ്ചായത്ത് അധികൃതർ വണ്ടാനത്തു പ്രവർത്തിക്കുന്ന സ്വകാര്യ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് അയക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി വാഹനം അണുവിമുക്തമാക്കണമെന്ന് നിർദ്ദേശിച്ചു. ഇയാളെ ആരോഗ്യ വകുപ്പ് പ്രവർത്തകരും പൊലീസും ചേർന്ന് ക്വാറന്റൈൻ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജിൽ നിരീക്ഷണത്തിലാക്കി.