firos-

ആലപ്പുഴ : ലോക്ക് ഡൗണിൽ കൃഷി ചലഞ്ച് ഏറ്റെടുത്തവർ നിരവധിയാണ്. എന്നാൽ,വർഷങ്ങൾക്കു മുമ്പ് സർക്കാർ ജോലി വേണ്ടെന്ന് വെച്ച് ജൈവ വൈവിദ്ധ്യപരിപാലത്തിനായി ഇറങ്ങിത്തിരിച്ച ഫിറോസ് അഹമ്മദ് എന്ന ആലപ്പുഴക്കാരൻ ഏറ്റെടുത്ത ചലഞ്ചിനോളം വരില്ല പുത്തൻ ട്രെൻഡുകളൊന്നും. എട്ടാം ക്ലാസിൽ ആരംഭിച്ച പരിസ്ഥിതി പ്രണയം 26 വർഷങ്ങൾക്കിപ്പുറവും ഉഷാറായി തുടരുന്നു. സമുദ്രസംരക്ഷണവും സമുദ്ര ജീവയാന സംരക്ഷണവുമാണ് ഇഷ്ടമേഖല.

,ലോക്ക് ഡൗൺ കാലത്ത് 6000 വ‌ൃക്ഷത്തൈകളാണ് വിത്തിട്ട് മുളപ്പിച്ച് സൗജന്യമായി വിതരണം ചെയ്തത്. 'അതിജീവനത്തിലൂടെ പുതുജീവിതം' എന്നാണ് പ്രതിസന്ധിഘട്ടത്തിൽ ഫിറോസ് ആരംഭിച്ച കാമ്പെയി​നു പേര്. ജൈവകൃഷിയുടെ പ്രോത്സാഹനമാണ് ലക്ഷ്യം. ''ഏത് സമയത്തും ദുരന്തത്തെ മുന്നിൽ കണ്ടുള്ള കരുതൽ ശേഖരം നമുക്കുണ്ടാവണം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ജൈവപച്ചക്കറികളുടെ പങ്ക് എത്രത്തോളമെന്ന് മനസിലാക്കിയ സമയമാണ് കൊവിഡ് കാലം"- ഫിറോസ് പറയുന്നു.

തി​രഞ്ഞെടുപ്പു സമയത്ത് 'ഒരു രാജ്യം, ഒരു വോട്ട്, ഒരു മരം', 'വോട്ടിന്റെ ഓർമ്മയ്ക്കായി ഒരു മരം' തുടങ്ങിയ പ്രചാരണ പരിപാടികൾ ഫി​റോസ് നടത്തി​യി​രുന്നു. ലക്ഷക്കണക്കിന് വ‌ൃക്ഷത്തൈകളും വിത്തുമാണ് ഈ പ്രകൃതി സ്നേഹി ഇതിനകം സൗജന്യമായി വിതരണം ചെയ്തത്. ആയിരക്കണക്കിന് ഫലവൃക്ഷത്തൈകളും പച്ചക്കറിത്തൈകളും വീട്ടുമുറ്റത്ത് വിതരണത്തിന് തയ്യാറായി നിൽക്കുന്നു. കറിവേപ്പില മുതൽ കാന്താരി വരെ, ആപ്പിൾ മുതൽ ഷമാം വരെ എല്ലാമുണ്ട്. ആവശ്യക്കാരന് പറയുന്ന സ്ഥലത്ത് തൈകൾ എത്തിച്ചു നൽകും. ഭാര്യ നാസിലയും മക്കളായ ഫരീദയും ഫാദിയയുമാണ് കൃഷിപരിപാലത്തിന് സഹായികളായുള്ളത്.

 പണം വേണ്ട,പരിപാലിക്കണം

വിത്തോ ചെടിയോ നൽകുന്നതിന് ഫിറോസ് ആരിൽ നിന്നും പണം വാങ്ങാറില്ല. പക്ഷേ, ഒരു നിബന്ധനയുണ്ട്. തൈകൾ വളർത്തി പരിപാലിക്കണം. അവയുടെ വിശേഷങ്ങൾ അറിയിക്കുകയും വേണം.. ചാണകം, മണ്ണ്, ചകിരിച്ചോറ്, ഗ്രോബാഗ് എന്നിവ വിലയ്ക്കുവാങ്ങിയാണ് വിത്തും, തൈകളും നടുന്നത്. തന്റെ വരുമാനത്തിൽ നിന്നൊരു പങ്ക് ഇതിനായി മാറ്റിവയ്ക്കും മാദ്ധ്യമപ്രവർത്തകൻ കൂടിയായ ഫിറോസ്. ജില്ലയ്ക്കകത്ത് എവിടെയും എത്തി സൗജന്യമായി സാങ്കേതിക സഹായങ്ങൾ നൽകാനും തയ്യാറാണ്. നവമാദ്ധ്യമങ്ങൾ വഴിയും സംശയങ്ങൾക്ക് മറുപടി ലഭിക്കും.

അംഗീകാരങ്ങൾ

മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്ക്കാരമടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി.ജെ.ടി ഹാളിൽ നടത്തിയ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫിറോസിനെ ആദരിച്ചു.