നിയന്ത്രണങ്ങൾ കർശനം
ആലപ്പുഴ: തുടർച്ചയായ 60 ദിവസം ഷെഡിൽ കിടന്നശേഷം ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് കളത്തിലിറങ്ങും. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയാണ് സർവീസ്.
ഡ്രൈവർ,കണ്ടക്ടർ,ക്‌ളീനർ ഉൾപ്പെടെ അഞ്ചോളം ജീവനക്കാർ ഓരോ ബസിലും ഉണ്ടാകും. ആലപ്പുഴ നഗരാതിർത്തിയിൽ ടൗൺ കേന്ദ്രീകരിച്ച് തെക്കോട്ട് 14 കിലോമീറ്ററും വടക്കോട്ട് 11 കിലോമീറ്ററും മാത്രമാണ് സ്വകാര്യബസ് സർവ്വീസുള്ളത്. ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ മേഖലകളിലെ കൂടുതൽ യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
ബസുകളുടെ അറ്റകുറ്റപ്പണികൾ ഇനിയും തീർക്കാനുണ്ട്. അറ്റകുറ്റപ്പണികൾ നടത്തിയ ബസുകൾക്ക് ഇതിനോടകം കുറഞ്ഞത് 40,000 രൂപയെങ്കിലും ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് മാസത്തെ ടാക്സും ഇൻഷ്വുറൻസ് തുകയും ഇളവ് ചെയ്യാമെന്ന സർക്കാർ ഉറപ്പ് ബസ് ഉടമകൾക്ക് ആശ്വാസമാകുന്നു. ഈ ഇനത്തിൽ കുറഞ്ഞത് 30,000 രൂപ ഓരോ ബസുടമയ്ക്കും ലാഭിക്കാനാവും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, പെർമിറ്റിൽ അനുവദിച്ചിരിക്കുന്നതിന്റെ പകുതി യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു. യാത്രക്കാർ മാസ്‌ക് നിർബന്ധമായും ധരിക്കണം. സാമൂഹ്യ അകലവും പാലിക്കണം. ആലപ്പുഴ മേഖലയിൽ 120 ബസുകളാണുള്ളത്. ഡീസൽ ഇനത്തിൽ പ്രതിദിനം 3600 രൂപയും തൊഴിലാളികളുടെ വേതനത്തിന് 2600 രൂപയും വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിദിന പരമാവധി കളക്ഷൻ 3600 രൂപയേ ലഭിക്കുകയുള്ളു എന്നാണ് ഉടമകൾ പറയുന്നത്. ദിവസം 2600 രൂപയുടെ നഷ്ടവും പ്രതീക്ഷിക്കുന്നു.
യാത്രക്കാർ സഹകരിക്കണം
യാത്രാ നിയന്ത്രണങ്ങളുമായി യാത്രക്കാർ സഹകരിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാകമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ, സെക്രട്ടറി എസ്.എം. നാസർ, എൻ. സലിം, ഷാജിലാൽ, ബിജുദേവിക, റിനുമോൻ, ഹാരിസ് കണ്ണങ്ങഴ, സുനീർ ഫിർദൗസ് എന്നിവർ പങ്കെടുത്തു.