ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാൻസ്, പ്രീമാര്യേജ് കൗൺസലിംഗ്, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയിൽ 12.5 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടർന്ന് മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ, യൂണിയൻ മുൻ ഭാരവാഹികളായ സുഭാഷ് വാസു, ബി. സുരേഷ് ബാബു, ഷാജി എം. പണിക്കർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നലെ തള്ളി.

സുഭാഷ് വാസുവാണ് ഒന്നാം പ്രതി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി ഒരുമിച്ചും മൂന്നാം പ്രതിക്ക് വേണ്ടി പ്രത്യേകവുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

പ്രതികളുടെ വീട്ടിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രകാശ് കാണിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ യൂണിയൻ ഓഫീസിൽ നിന്ന് കടത്തിയ മിനിട്സ് ബുക്കുകൾ, ചെക്കുകൾ, കേസുമായി ബന്ധപ്പെട്ട 60 ഓളം രേഖകൾ എന്നിവ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. യൂണിയൻ ഓഫീസ് ജീവനക്കാരായ രേവമ്മ, ശശികല എന്നിവരുടെ വീടുകളിലും പരിശോധന നടത്തി തെളിവുകൾ പിടിച്ചെടുത്തിരുന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്ററും ഇപ്പോഴത്തെ കൺവീനറുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളി മാവേലിക്കര പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി.

ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സുഭാഷ് വാസുവിനെയും സുരേഷ് ബാബുവിനെയും അറസ്റ്ര് ചെയ്യുന്നത് നോട്ടീസ് നൽകിയ ശേഷം മതിയെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മ​റ്റ് പ്രതികളെ അറസ്​റ്റ് ചെയ്യുന്നതിൽ തടസമില്ലെന്നും വ്യക്തമാക്കി.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രതികൾക്ക് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും നേരിട്ട് ഹാജരാവാതെ മുൻകൂർ ജാമ്യം തേടുകയായിരുന്നു.

ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, ജയകുമാർ പാറപ്പുറം, സത്യപാൽ എന്നിവരാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

'പ്രതികൾ നിയമത്തെ ബഹുമാനിക്കാത്തവർ"

ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവിൽ പ്രതികൾ നിയമത്തെ ബഹുമാനിക്കാത്തവരാണെന്ന് പരാമർശമുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹർജി നൽകിയെങ്കിലും നോട്ടീസ് നൽകി അവരെ വിളിപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. നോട്ടീസ് കൈപ്പറ്രിയെങ്കിലും ബോധപൂർവം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായില്ല. നിയമത്തെ ബഹുമാനിക്കാത്തതിനാലാണിത്.

യൂണിയൻ ഓഫീസിലെ ഉദ്യോഗസ്ഥയായ രേവമ്മയുടെ വീട്ടിൽ നിന്നു ചെക്ക് അടക്കമുള്ള രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവ ഏൽപ്പിച്ചതെന്ന് രേവമ്മ മൊഴി നൽകിയിട്ടുള്ള കാര്യവും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഓഫീസിലെ ഒരു ഉദ്യോസ്ഥയുടെ വീട്ടിൽ ഈ രേഖകൾ എങ്ങനെ എത്തി? പ്രതികളുടെ വീട്ടിൽ നിന്ന് റെയ്ഡ് ചെയ്ത് കണ്ടെടുത്ത രജിസ്റ്ററുകളിൽ വെട്ടിത്തിരുത്തലുകൾ വരുത്തിയിട്ടുള്ളതും ബോദ്ധ്യപ്പെട്ടതായി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.