ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി
ആലപ്പുഴ : ഇന്നലെ രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മാവേലിക്കര താലൂക്ക് സ്വദേശിയായ അറുപതുകാരനും ചെങ്ങന്നൂർ സ്വദേശിയായ യുവാവിനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 9ന് എത്തിയ കുവൈറ്റ് -കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്നു മാവേലിക്കര സ്വദേശി. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11ന് ആലപ്പുഴയിലെ കൊവിഡ് കെയർ സെൻററിലേയ്ക്ക് മാറ്റിയിരുന്നു. ചെന്നൈയിൽ നിന്ന് 13ന് സ്വകാര്യ വാഹനത്തിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. 13ന് വീട്ടിലെത്തിയ ഇയാലെ ഹോം ക്വാറന്റൈനിലായിരുന്നു.
ദമാമ, കുവൈറ്റ്, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
നിരീക്ഷണത്തിൽ 3423 പേർ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 3423 പേരാണ്. 24 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 243 പേരെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഫലമറിഞ്ഞ 57സാമ്പിളുകളിൽ രണ്ടൊഴികെ മറ്റെല്ലാ സാമ്പിളുകളും നെഗറ്റീവാണ്.