ക്വാറന്റൈൻ കേന്ദ്രങ്ങളിൽ യുവാക്കളുടെ സന്നദ്ധസേവനം
ആലപ്പുഴ: പ്രവാസികൾ താമസിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആളെ തേടിയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി ക്ളീറ്റസ് ഫെർണാണ്ടസ് ഈ നാൽവർ സംഘത്തെ ഒന്നു 'മുട്ടി' നോക്കിയത്. 'അതിനെന്താ, ഇപ്പോ ശര്യാക്കിത്തരാം' എന്നായിരുന്നു സന്നദ്ധ പ്രവർത്തനം സൈഡായി കൊണ്ടുനടക്കുന്ന സംഘത്തിന്റെ മറുപടി. പക്ഷേ, ശമ്പളമുൾപ്പെടെ വിളിച്ചുപറഞ്ഞ് നാടാകെ പരതിയെങ്കിലും കൊറോണയോട് നേർക്കുനേർ നിൽക്കാൻ ധൈര്യമുള്ള ആരെയും കിട്ടിയില്ല. പഞ്ചായത്ത് സെക്രട്ടറിയാവട്ടെ വിളിയോടു വിളി.
ഒരു ഞായറാഴ്ച രാവിലെ ഫോണിന്റെ മറുതലയ്ക്കൽ പതിവുപോലെ സെക്രട്ടറി; ചോദ്യം- ആളെ കിട്ടിയോ? മറുപടി: കിട്ടി... കിട്ടി; നാലുപേരെ കിട്ടി, വേറാരുമല്ല, ഞങ്ങൾ നാലുപേർ തന്നെ! ഈ ജോലിക്ക് വേറെ ആരെയും കിട്ടില്ലെന്ന് ഉറപ്പായി സാറേ, എപ്പോഴാ ജോലി തുടങ്ങേണ്ടത്...!!!
മാരാരിക്കുളം സ്വദേശികളായ സി.എസ്.സുജിത്, എസ്.ജി.ഹരികൃഷണൻ, കെ.വിദ്യാസാഗർ, ജി.എസ്.സംഗീത് എന്നിവരാണ് ഇപ്പോൾ നാട്ടിലെ കൊവിഡ് പൊരാളികളിലെ പ്രധാനികൾ. വഴിയേപോയ വയ്യാവേലി തലയിലേറ്റിയെന്ന നിരാശാബോധമല്ല നാലുപേർക്കുമുള്ളത്, കൊവിഡിനെതിരെ നാടൊന്നിച്ചു നിൽക്കുമ്പോൾ മറ്റുള്ളവർ ചെയ്യാൻ അറച്ചുനിന്ന ജോലികൾ സ്വയം ഏറ്റെടുത്തതിന്റെ ചാരിതാർത്ഥ്യം മാത്രം. കഴിഞ്ഞ 13ന് ജോലി ഏറ്റെടുക്കുമ്പോൾ ഒറ്റ നിബന്ധന മാത്രമാണുണ്ടായിരുന്നത്, സേവനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങില്ല. താമസ സൗകര്യം ഏർപ്പെടുത്തണം. നാലു പേരും വേതനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അർഹിക്കുന്ന വേതനം ലഭ്യമാക്കുമെന്നാണ് പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്.
കണിച്ചുകുളങ്ങരയിലെ ആറ് ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ള 108 പ്രവാസികൾക്കാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഹെൽത്ത് സെന്ററിൽ നിന്നെത്തിക്കുന്ന അണുനാശിനി താമസസ്ഥലത്തും, പ്രവാസികൾ ഇടുപഴകുന്ന സ്ഥലങ്ങളിലും തളിച്ച് വൃത്തിയാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിച്ച് കത്തിക്കണം. മറ്റാരും വരാത്ത സ്ഥാനത്ത് തങ്ങൾക്കുവേണ്ടി എത്തിയ നാൽവർ സംഘത്തോട് പ്രവാസികൾക്കും ഏറെ കടപ്പാടുണ്ട്.
............................................
ആ ജോലി പിന്നെ
സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന സുജിത്തിനും സ്പിന്നിംഗ് മിൽ ജീവനക്കാരനായ വിദ്യാസാഗറിനും അധികൃതർ ഒരുമാസത്തെ അവധി തരപ്പെടുത്തിയിട്ടുണ്ട്. സീലിംഗ് വർക്ക് ചെയ്യുന്ന ഹരികൃഷ്ണനും, കമ്പ്യൂട്ടറിന്റെ നെറ്റ് വർക്ക് ജോലികൾ ചെയ്യുന്ന സംഗീതും ജോലി താത്കാലികമായി ഉപേക്ഷിച്ചാണ് സേവനത്തിനെത്തിയത്. സുജിത്തും, ഹരികൃഷ്ണനും വിവാഹിതരാണ്. തൊട്ടടുത്താണെങ്കിലും പത്ത് ദിവസമായി വീഡിയോ കോളിലൂടെയാണ് മക്കളെ കാണുന്നത്.
.....................................
നാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. അങ്ങനെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിളിയെത്തിയത്. ആളെ കിട്ടാതായപ്പോൾ കൈയൊഴിയാൻ തോന്നിയില്ല. നാല് പേരും ഒരു മനസോടെ ഇറങ്ങിത്തിരിച്ചു. ജോലി ചെയ്ത് തുടങ്ങിയതോടെ പുറത്തുള്ള ആളുകളിൽ നിന്നു അവഗണന നേരിടുന്നുണ്ട്
(സുജിത്)