ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയിൽ ആലപ്പുഴ നഗരസഭ അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന ആദ്യ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ തരിശു ഭൂമികൾ, കൃഷിയില്ലാത്ത പാടശേഖരങ്ങൾ എന്നിവയിൽ കൃഷിയിറക്കുന്നതിന്
ആവശ്യമായ സഹായം നൽകും. നഗരസഭയുടെ സർവ്വോദയപുരത്തെ ഭൂമിയിൽ
ഏത്തവാഴ കൃഷി നടപ്പിലാക്കും. മത്സ്യകൃഷി, മത്സ്യസംസ്‌കരണം, മൃഗസംരക്ഷണം എന്നീ
മേഖലകളിൽ നവീന ആശയങ്ങളുമായി പദ്ധതികൾ രൂപീകരിക്കും. സ്ത്രീകൾക്കായി
നഗരസഭയുടെ ആഭിമുഖ്യത്തിൽ മത്സ്യവിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടൊപ്പം
നഗരത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പരിപാടിയിലേക്ക് ആവശ്യമായ
മുട്ട, പച്ചക്കറി എന്നിവ നഗരത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിലൂടെ മേഖലയെ
സ്വയംപര്യാപ്തമാക്കും.
വാർഷിക പദ്ധതികളിൽ നിന്ന് ആവശ്യമില്ലാത്തവ ഒഴിവാക്കി സുഭിക്ഷ
കേരളം പദ്ധതിക്കായി കൂടുതൽ ശ്രദ്ധിച്ചുകൊണ്ട്, നഗരസഭാ ബ്രാൻഡിൽ അരി വിപണനം
ചെയ്യുന്നതടക്കമുള്ള നവീന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. സാമൂഹിക അകലം
പാലിച്ച് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ബഷീർ കോയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ജി.മനോജ്കുമാർ, അഡ്വ. എ.എ.റസാഖ്, മോളി ജേക്കബ്ബ്, ഫിഷറീസ് ഉദ്യോഗസ്ഥ അഞ്ജലി ദേവി, വെറ്ററിനറി സർജൻ വാഹിദ്, നഗരസഭാ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, മധു കൈഡഭജ, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.